പ്രതിപക്ഷം തുരങ്കംവെക്കുന്നു; കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി, ഹരിത പദ്ധതി
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് തുരങ്കം വെക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പൂര്‍ണ ഹരിത പദ്ധതിയാണിതെന്നും സര്‍ക്കാര്‍ പിന്‍മാറില്ലെന്നും അദ്ദേഹം പറഞ്ഞു. പാത കടന്നുപോകുന്ന ഒരിടത്തു പോലും പരിസ്ഥിതി ലോല പ്രദേശം ഉള്‍പ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ രാജ്ഭവന് മുമ്പില്‍ നടന്ന എല്‍ഡിഎഫ് ധര്‍ണ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപക സമരത്തിന് കഴിഞ്ഞ ദിവസം യുഡിഎഫ് തീരുമാനിച്ചിരുന്നു.

പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്നാണ് പദ്ധതിക്കെതിരായ പ്രചാരണം. അത് ശരിയല്ല. ഇത് സമ്പൂര്‍ണ ഹരിത പദ്ധതിയാണ്. കെ റെയില്‍ യാഥാര്‍ഥ്യമായാല്‍ റോഡിലൂടെ പോകുന്ന ചരക്കുവണ്ടികളുടെ വ്യാപനം വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ വലിയ കുറവ് സംഭവിക്കും. നാല് മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡ് എത്താന്‍ സാധിക്കുക. പദ്ധതി നടപ്പായാല്‍ നാടിന്റെ മുഖഛായ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭൂമി നാട്ടില്‍ കുറവാണ് എന്നത് കൊണ്ടു അത് ഏറ്റെടുക്കുമ്പോള്‍ പ്രയാസങ്ങളുണ്ടാകും. ഏറ്റെടുക്കുന്ന ഭൂമിക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കും. 7075 കോടി രൂപ ഇതിന് വേണ്ടി വകയിരുത്തിയിട്ടുണ്ട്. പദ്ധതി പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന് നഷ്ടപരിഹാരം നല്‍കാന്‍ 4460 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പുനരധിവാസത്തിന് 1730 കോടി രൂപയും മാറ്റിവച്ചു. തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാത കേന്ദ്രവും സ്വാഗതം ചെയ്തതാണ്. പദ്ധതി നടത്തിപ്പിന് കമ്പനി രൂപീകരിച്ചിട്ടുണ്ട്. കമ്പനിയില്‍ 51 ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാരിന്റെതും ബാക്കി റെയില്‍വേയുടേതുമാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 11000 പേര്‍ക്ക് ജോലി ലഭിക്കും. ഇതിന് വേണ്ട തുക വകയിരുത്തിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
പദ്ധതിക്ക് ജനങ്ങള്‍ അനുകൂലമാണ്. എന്നാല്‍ ചിലര്‍ തുടക്കം മുതല്‍ എതിര്‍ത്തു. പണം എവിടുന്നാണ്. ഒന്നും നടക്കില്ല എന്നാണ് ഇവര്‍ ആദ്യം പറഞ്ഞത്. പദ്ധതിയുമായി ബന്ധപ്പെട്ട പലതും നടപ്പായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ നിക്ഷിപ്ത ശക്തികള്‍ ഒന്നിച്ചു. യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയും ഒന്നായി നിന്നു. ബിജെപി കൂടെയുള്ളതുകൊണ്ട് കേന്ദ്ര ഏജന്‍സികളില്‍ പലതിനെയും ഉപയോഗിച്ചു. പക്ഷേ, കേരളത്തിലെ ജനങ്ങള്‍ ഈ കൂട്ടുകെട്ടിനൊപ്പം നിന്നില്ല. കേരളത്തിലെ സാധാരണ രീതി അഞ്ചുവര്‍ഷത്തില്‍ ഭരണം മാറലാണ്. ഇത്തവണ ചരിത്ര വിജയം എല്‍ഡിഎഫ് നേടുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications