'ഭീകരവാദത്തിൻ്റെ കേന്ദ്രമായി കേരളം മാറി; സിപിഎം പാർട്ടി ഗ്രാമങ്ങളിൽ മതഭീകരർ വളരുന്നു';കെ സുരേന്ദ്രൻ
തിരുവനന്തപുരം: തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് മാഷിന്റെ കൈവെട്ട് കേസിലെ ഒന്നാം പ്രതി കണ്ണൂരിലെ മട്ടന്നൂരിൽ 13 വർഷങ്ങൾ സുഖിച്ച് താമസിച്ചുവെന്നത് കേരളം ഭീകരവാദികൾക്ക് സുരക്ഷിതമായ സ്ഥലമാണെന്നതിന്റെ ഉദാഹരണമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മട്ടന്നൂരാണ് സി പി എമ്മിൻ്റെ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ശക്തികേന്ദ്രം. അവിടെ നിന്നാണ് എൻഐഎ ഭീകരനെ പിടികൂടിയത്. പാർട്ടി ഗ്രാമങ്ങളിൽ മതഭീകരർ തഴച്ചു വളരുകയാണെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു.
ഒരു കാലത്ത് ഭീകരവാദികൾ ഒളിച്ചുകഴിഞ്ഞിരുന്നത് കാശ്മീരിലായിരുന്നുവെങ്കിൽ കാശ്മീർ സുരക്ഷിതമല്ലെന്ന് ഇപ്പോൾ അവർക്ക് മനസിലായി. ഇന്ത്യയിൽ ഭീകരവാദത്തിൻ്റെ കേന്ദ്രമായി കേരളം മാറി. ഭീകരവാദികളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. നേരത്തെ കനക മലയിൽ വെച്ചും എൻഐഎ ഭീകരരെ പിടിച്ചിരുന്നു. ഭീകരവാദികൾക്ക് പൊലീസിൻ്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാണ്. 13 വർഷം ഒളിച്ചു താമസിച്ചിട്ടും പൊലീസിന് കണ്ടെത്താനായില്ലെന്ന് പറയുന്നത് അവിശ്വസനീയമാണ്.

കേരള സർക്കാരിന് ഇത് നാണക്കേടാണ്. ഭീകരവാദിക്ക് പ്രദേശിക സഹായം ലഭിച്ചുവെന്ന് തന്നെയാണ് എൻഐഎ പറയുന്നത്. എന്തുകൊണ്ടാണ് കണ്ണൂരിൽ ഭീകരവാദികൾക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുവെന്നത് അന്വേഷിക്കണം. ഐസ് റിക്രൂട്ട്മെൻ്റ് നടന്നത് കൂടുതലും കണ്ണൂരിലാണ്. വോട്ടിന് വേണ്ടിയാണ് സി പി എം മതഭീകരവാദികളെ പിന്തുണയ്ക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രി 16,17 തിയ്യതികളിൽ കേരളത്തിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവത്സരത്തിലെ രണ്ടാം സന്ദർശനത്തിന് കേരളത്തിൽ 16,17 തിയ്യതികളിൽ എത്തുമെന്ന് കെ.സുരേന്ദ്രൻ അറിയിച്ചു. 16ന് വൈകുന്നേരം 6 മണിക്ക് കൊച്ചിയിലെത്തുന്ന അദ്ദേഹത്തിന് ബി ജെ പി പ്രവർത്തർ ഉജ്ജ്വല സ്വീകരണം നൽകും. തുടർന്ന് അദ്ദേഹത്തിന്റെ റോഡ്ഷോയുണ്ടാക്കും.17ന് രാവിലെ ഗുരുവായൂർ എത്തുന്ന നരേന്ദ്രമോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും സമൂഹവിവാഹത്തിലും പങ്കെടുക്കും. തുടർന്ന് കൊച്ചിയിൽ പാർട്ടിയുടെ ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ മീറ്റിംഗിലും പ്രധാനമന്ത്രി പങ്കെടുക്കും.
കേരളത്തിൻ്റെ വികസനത്തിന് ആവശ്യമായ മോദിയുടെ ഉറപ്പ് കൂടുതൽ ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. കേരളം ഒന്നടങ്കം പ്രധാനമന്ത്രിക്ക് വലിയ സ്വീകരണമൊരുക്കും. കേരളത്തിലെ ജനങ്ങളോടുള്ള കരുതലും താത്പര്യവുമാണ് മോദിക്ക് പ്രധാനം. മോദിയുടെ ഗ്യാരണ്ടിയാവും ഇനി കേരളം ചർച്ച ചെയ്യുകയെന്നും സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications