'പിഎഫ്‌ഐയെ നിരോധിച്ച് കേരളത്തെ സുരക്ഷിതമാക്കി'; സിപിഎമ്മും കോണ്‍ഗ്രസും ഇത് അംഗീകരിക്കില്ലെന്ന് അമിത് ഷാ
കേരളത്തിലെ വികസനം സിപിഎമ്മിനോ കോണ്‍ഗ്രസിനോ സാധ്യമാക്കാനാകില്ല. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നിരവധി സഹായങ്ങള്‍ നല്‍കി

തൃശൂര്‍: കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും സി പി എമ്മും ത്രിപുരയില്‍ ഒന്നിച്ചു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന ബി ജെ പിയുടെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
കോണ്‍ഗ്രസും സി പി എമ്മും നിലനില്‍പിന് വേണ്ടിയാണ് ഒന്നിച്ചത് എന്നും എന്നാല്‍ ബി ജെ പിയെ ആണ് ജനം തെരഞ്ഞെടുത്തത് എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. കേരളത്തിന് മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 1,15,000 കോടി രൂപ നല്‍കി എന്നും അമിത് ഷാ അവകാശപ്പെട്ടു.
അതേസമയം യു പി എ സര്‍ക്കാര്‍ 45,900 കോടി രൂപ മാത്രമാണ് നല്‍കിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 8500 കോടി രൂപയാണ് എന്നും ഇത്രയും തുക മറ്റൊരു സംസ്ഥാനത്തിനും നല്‍കിയിട്ടില്ല എന്നും അമിത് ഷാ പറഞ്ഞു.
ഗുരുവായൂരില്‍ 317 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കാസര്‍കോടില്‍ 50 മേഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതിക്ക് അനുമതി നല്‍കിയത് ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ആണ് എന്നും അമിത് ഷാ വ്യക്തമാക്കി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് 1950 കോടി രൂപ അനുവദിച്ചു എന്നും അമിത് ഷാ അവകാശപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ സുരക്ഷിതമാക്കി. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഇത് അംഗീകരിക്കില്ല എന്നും അമിത് ഷാ പറഞ്ഞു. സി പി എമ്മും കോണ്‍ഗ്രസും വോട്ടുബാങ്ക് രാഷ്ട്രീയത്തിനായാണ് കളിക്കുന്നത് എന്നും അമിത് ഷാ ആരോപിച്ചു.
കഴിഞ്ഞ 11 ദിവസമായി കൊച്ചി പുകയുകയാണ്. എന്നാല്‍ ഇതില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല എന്നും അമിത് ഷാ ആരോപിച്ചു. കേരളത്തിന്റെ വികസനം സാധ്യമാക്കാന്‍ കോണ്‍ഗ്രസിനോ കമ്യൂണിസ്റ്റുകാര്‍ക്കോ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ അഴിമതിയില്‍ മുങ്ങികിടക്കുകയാണ്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായതില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാതിരിക്കാനാവില്ല എന്നും അമിത് ഷാ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ കമ്യൂണിസ്റ്റുകാര്‍ മൗനം പാലിക്കുകയാണ് എന്നും അമിത് ഷാ പറഞ്ഞു.
എന്നാല്‍ ഇതൊന്നും കണ്ട് കേരള ജനത മിണ്ടാതിരിക്കില്ല എന്നും ഉചിതമായ മറുപടി 2024 ല്‍ നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. കേരളത്തില്‍ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കാനാണ് അമിത് ഷാ എത്തിയത്. ബി ജെ പി തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം നേതൃയോഗത്തില്‍ അദ്ദേഹം പങ്കെടുത്തു.












Click it and Unblock the Notifications