'രണ്ട് മതങ്ങളിലുള്ളവര്‍ വിവാഹം കഴിക്കുന്നതെങ്ങനെ ലൗ ജിഹാദാകും?'; ചോദ്യവുമായി ബെഹ്‌റ
തിരുവനന്തപുരം: വ്യത്യസ്ത മതങ്ങളില്‍ പെട്ട രണ്ടുപേര്‍ വിവാഹം കഴിക്കുന്നതിനേയും ഒന്നിച്ച് ജീവിക്കുന്നതിനേയും ലൗ ജിഹാദ് എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് മുന്‍ ഡി ജി പിയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം ഡിയുമായ ലോക്നാഥ് ബെഹ്‌റ. ലൗ ജിഹാദ് എന്ന വിശേഷണത്തിന് പിന്നില്‍ തന്നെ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം വളരെ അധികം മതേതരത്വം കാത്തുസൂക്ഷിക്കുന്ന സംസ്ഥാനമാണ് എന്ന് ഞാനെന്നും പറഞ്ഞിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യത്യസ്ത മതങ്ങളില്‍പ്പെട്ട രണ്ടുപേര്‍ തമ്മിലുള്ള വിവാഹം ഇവിടെ ഒരു സാധാരണ പ്രതിഭാസമാണ്. അതിനെ ലൗ ജിഹാദ് എന്നോ മറ്റെന്തെങ്കിലും ജിഹാദെന്നോ വിളിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാണ്.

ഒരു പെണ്‍കുട്ടി മറ്റൊരു മതത്തില്‍പ്പെട്ട ആണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ അതില്‍ എന്താണ് തെറ്റെന്നും അതിന് ഞാന്‍ നിര്‍വചനം നല്‍കാന്‍ പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൗ ജിഹാദ് എന്ന പ്രയോഗം വഴി നമ്മുടെ സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ പാടില്ല. നമുക്ക് സമാധാനത്തോടെ ജീവിക്കണം എന്നും ഇന്ത്യ ഒരു മതേതര രാജ്യമാണ് എന്നും ബെഹ്റ പറഞ്ഞു.
'നമ്മുടെ മനസിലും ഹൃദയത്തിലും നാം മതേതരരായിരിക്കണം. രണ്ടുപേര്‍ പരസ്പരം സ്‌നേഹിക്കുന്നു, അവര്‍ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ നമ്മളും സന്തോഷിക്കണം. അമ്പലത്തില്‍ പോകുന്ന ഭര്‍ത്താവും പള്ളിയില്‍ പോകുന്ന ഭാര്യയും ഉള്ള കുടുംബങ്ങളെ ഞാന്‍ കേരളത്തില്‍ കണ്ടിട്ടുണ്ട്. അവര്‍ തങ്ങളുടെ മതങ്ങളെ പിന്തുടര്‍ന്ന് സന്തോഷത്തോടെ ജീവിക്കുന്നു,' ബെഹ്‌റ പറഞ്ഞു.
അതേസമയം മലയാളികളുടെ ഐ എസ് ബന്ധം കണ്ടെത്തുന്നതില്‍ ഇന്റലിജന്‍സിന് വീഴ്ച സംഭവിച്ചെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 21 പേരാണ് കേരളത്തില്‍ നിന്നും ഐ എസില്‍ ചേര്‍ന്നത്. അവര്‍ക്ക് ഐ എസുമായി ബന്ധമുണ്ടെന്ന് ഒരു സൂചനയും കിട്ടിയിരുന്നില്ല. കൂട്ടായെടുത്ത് തീരുമാനത്തിന്റെ ഭാഗമായല്ല ഇവര്‍ ഐ എസില്‍ ചേര്‍ന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. അതിനാലാണ് ഇവരെ കുറിച്ച് ഇന്റലിജന്‍സിന് വിവരങ്ങള്‍ കിട്ടാന്‍ വളരെ പ്രയാസമായത് എന്നും ബെഹ്റ പറഞ്ഞു.
വ്യാപകമായി ആളുകള്‍ ഐ എസിലേക്ക് പോകുന്നതു തടയാന്‍ പ്രത്യേക മോണിറ്ററിങ് സംവിധാനം കേരള പൊലീസ് ഒരുക്കിയിരുന്നെന്നും അതിനു ശേഷം ഇത്തരം കേസുകള്‍ അധികം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും മുന്‍ ഡി ജി പി വ്യക്തമാക്കി. അതില്‍ ലൗ ജിഹാദിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭര്‍ത്താവിനും ഭാര്യയ്ക്കുമിടയില്‍ എന്താണ് സംസാരിക്കുന്നതെന്ന് നമ്മള്‍ക്ക് അറിയില്ലല്ലോ എന്നും ബെഹ്റ പറഞ്ഞു.












Click it and Unblock the Notifications