ഇതാണോ പാക്കിസ്ഥാനെന്ന് കോടിയേരി അമിത് ഷായോട്; കേരളത്തിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തെ പാക്കിസ്ഥാനെന്ന് ആരോപിച്ചവര്‍ക്ക് അക്കമിട്ട മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ മേഖലകളിലും കേരളം മുന്നിലാണെന്നും ആ കേരളത്തെയാണ് ബിജെപി പാക്കിസ്ഥാനെന്ന് വിളിച്ച് അധിക്ഷേപിക്കുന്നതെന്നും കോടിയേരി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കോടിയേരിയുടെ പോസ്റ്റിലെ പ്രധാന ഭാഗങ്ങള്‍ ഇവയാണ്, കേരളത്തെ പാക്കിസ്ഥാനായി ഒരു ദേശീയ ടെലിവിഷന്‍ ചാനല്‍ കഴിഞ്ഞ ദിവസം ചിത്രീകരിച്ചിരുന്നു. ദക്ഷിണേന്ത്യക്കാരെല്ലാം തരംതാണവരാണെന്നും കറുത്തവരാണെന്നും ചിത്രീകരിച്ച് ബി ജെ പി നേതാവ് തരുണ്‍ വിജയ് നടത്തിയ അഭിപ്രായപ്രകടനവും കേരളത്തില്‍ വന്ന അമിത്ഷാ നടത്തിയ നിന്ദാ സംസാരങ്ങളും കേരളത്തെ രാജ്യത്തിന് മുന്നില്‍ അവമതിക്കുന്ന വിധത്തിലുള്ളവയാണ്.

amitshah

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യുമ്പോള്‍ എല്ലാ മേഖലകളിലും കേരളം മുന്നിലാണ്. സാക്ഷരതയില്‍ കേരളമാണ് ഒന്നാമത്. ആരോഗ്യ സൂചികയിലും മനുഷ്യജീവിത സൂചികയിലും ഏറ്റവും മുന്നിലാണ്. ശിശു മരണനിരക്കും ഗര്‍ഭിണികളുടെ മരണനിരക്കും ഏറ്റവും കുറവ്.

ഭിന്ന ലിംഗക്കാരുടെ അവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍. അംഗപരിമിത സൗഹൃദ സംസ്ഥാനം. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം. എല്ലാ ഗ്രാമങ്ങളിലും ആധുനിക രീതിയില്‍ റോഡ് ഗതാഗത സൗകര്യം ഒരുക്കിയതില്‍ ഒന്നാമത്. മനുഷ്യാവകാശ സംരക്ഷണത്തില്‍ ഒന്നാമത്. സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ ഒന്നാമത്.

kodiyeri

അയിത്താചാരങ്ങളില്ലാത്തിടം. ജാതി പീഡനമില്ലാത്തിടം. ദളിത് ഹത്യകളും പീഡനങ്ങളുമില്ലാത്ത സംസ്ഥാനം. പശുവിന്റെ പേരില്‍ അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത നാട്. പറയു, ഇതാണോ പാക്കിസ്ഥാന്‍? ഈ പ്രചരണങ്ങളില്‍ നിന്ന് ഇനിയെങ്കിലും ബി ജെ പിക്കാര്‍ പിന്‍വാങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

English summary
kerala is not pakistan says kodiyeri balakrishnan to amit shah
Please Wait while comments are loading...