ബിപോർജോയ് ചുഴലിക്കാറ്റ് 36 മണിക്കൂറിനുള്ളിൽ കൂടുതൽ തീവ്രമാകും; കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് അടുത്ത 36 മണിക്കൂറിനുള്ളിൽ അതിതീവ്രമാകുമെന്ന് കേന്ദ്രകാലവസ്ഥാ കേന്ദ്രം. ചുഴലിക്കാറ്റ് നിലവിൽ അറബിക്കടലിൽ വടക്ക് പറിഞ്ഞാറ് ദിശയിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ മത്സ്യതൊഴിലാളികൾ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം കേരളത്തിൽ ഇന്ന് മഴ കനത്തേക്കും. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും
മഴ കനത്താൽ ഇടുക്കി മലങ്കര ഡാമിന്റെ ആറ് ഷട്ടറുകൾ ഇന്ന് തുറന്നേക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഷട്ടറുകൾ ഒരു മീറ്റർ വരെ ഉയർത്തി സെക്കൻഡിൽ 234 ക്യുമെക്സ് വെള്ളം പുറത്തേക്കൊഴുക്കാനാണ് തീരുമാനം. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. 39.62 മീറ്ററാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതും മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും കൂടുതൽ ജലമെത്തുന്നതും പരിഗണിച്ചാണ് ഷട്ടറുകൾ ഉയര്‍ത്തുന്ന കാര്യം ആലോചിക്കുന്നതെന്നും കളക്ടർ വ്യക്തമാക്കി.












Click it and Unblock the Notifications