Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് കാല വിദ്യാഭ്യാസത്തില്‍ കേരളം രാജ്യത്ത് ഒന്നാമത്, പിന്നിൽ ബംഗാളും ഉത്തർപ്രദേശും

തിരുവനന്തപുരം: കൊവിഡ് കാരണം സ്‌കൂളുകള്‍ അടച്ചിടേണ്ടി വന്നപ്പോഴും കുട്ടികളുടെ പഠനം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപും സ്മാര്‍ട്ട് ഫോണും ടിവിയും അടക്കം ലഭ്യമാക്കി ഓണ്‍ലൈനായി ക്ലാസുകള്‍ വീടുകള്‍ക്ക് ഉള്ളിലേക്ക് എത്തുന്നത് കേരളം ഉറപ്പാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി സുരക്ഷിതമായി പരീക്ഷകള്‍ നടത്താനും കേരളത്തിന് സാധിച്ചു.

അതുകൊണ്ട് തന്നെ കൊവിഡ് കാല വിദ്യാഭ്യാസത്തില്‍ കേരളം രാജ്യത്ത് ഒന്നാമത് എത്തിയിരിക്കുകയാണ്. ഗ്രാമീണ മേഖലയില്‍ 91 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും കേരളം ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കി. തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്‌നാട്ടില്‍ 27.4 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും കര്‍ണാടകത്തില്‍ 34.1 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും മാത്രമാണ് കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിച്ചത്. ഉത്തര്‍പ്രദേശും പശ്ചിമ ബംഗാളുമാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍. ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ 13.9 ശതമാനം കുട്ടികള്‍ക്കും ബംഗാളില്‍ 13.3 ശതമാനം പേര്‍ക്കും മാത്രമാണ് കൊവിഡ് കാലത്ത് പഠിക്കാനായത്.

66

കേരളത്തിന്റെ നേട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്തോഷം പങ്കുവെച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം: '' വിദ്യാലയങ്ങൾ അടച്ചിടുകയും അധ്യയനം മുടങ്ങുകയും ചെയ്യുന്ന സാഹചര്യം കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രധാന പ്രതിസന്ധികളിൽ ഒന്നായിരുന്നു. എന്നാൽ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന നിശ്ചയദാർഢ്യത്തോടെ ആ വെല്ലുവിളി ഏറ്റെടുക്കുകയാണ് കേരളം ചെയ്തത്. അതിൻ്റെ ഫലമായി ഓൺലൈൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിച്ചു. അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒത്തൊരുമിച്ച് ആവേശപൂർവ്വം ആ ലക്ഷ്യത്തിനായി കഠിന പരിശ്രമം ചെയ്തു.

ആ പ്രവർത്തനങ്ങൾക്ക് വിട്ടു വീഴ്ചയില്ലാത്ത നേതൃത്വം നൽകാനും നൂതനമായ പദ്ധതികളിലൂടെ വെല്ലുവിളികൾ മറികടക്കാനും സർക്കാരിനു സാധിച്ചു. ഡിജിറ്റൽ ഡിവൈഡ് എന്ന പ്രധാന പ്രശ്നത്തെ മറികടക്കുന്നതിനായി വിദ്യാകിരണം പദ്ധതിയ്ക്ക് ജനകീയമായി തുടക്കം കുറിക്കാനായി. എല്ലാ ഘട്ടങ്ങളിലും പൂർണ പിന്തുണയുമായി പൊതുജനങ്ങളും സർക്കാരിനൊപ്പം നിലയുറപ്പിച്ചു. ആ ഇച്ഛാശക്തിയുടേയും ഐക്യത്തിൻ്റേയും ഫലമായി രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറി. Annual Status of Education Report (ASER) 2021 ആ നേട്ടത്തിനു അടിവരയിടുകയാണ്. ഈ സർവേ പ്രകാരം കോവിഡ് കാലത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ 91 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം നൽകാൻ സാധിച്ചിട്ടുണ്ട്.

രാജ്യത്ത് ആകെ 24.2 ശതമാനം കുട്ടികൾക്കാണ് ഓൺലൈൻ മാർഗം പഠനം സാധ്യമായത്. മിക്ക സംസ്ഥാനങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് കേരളം. എങ്കിലും ഇനിയും ഇക്കാര്യത്തിൽ നമ്മൾ മുന്നേറേണ്ടതുണ്ട്. ഡിജിറ്റൽ ഡിവൈഡ് പരിപൂർണ്ണമായി പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ ഊർജ്ജസ്വലതയോടെ നടപ്പാക്കി വരികയാണ്. അധികം വൈകാതെ 100 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാകുന്ന കാലം യാഥാർത്ഥ്യമാക്കണം. ആ ലക്ഷ്യത്തിനായി ഇതുവരെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് ഒരുമിച്ച് നിൽക്കാം''.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും കേരളത്തിന്റെ നേട്ടത്തിൽ പ്രതികരിച്ച് രംഗത്ത് വന്നു. വി ശിവൻകുട്ടിയുടെ പ്രതികരണം ഇങ്ങനെ: '' കോവിഡ് പ്രതിസന്ധികളെ നേരിട്ടു കൊണ്ട് കേരള സർക്കാർ വിദ്യാഭ്യാസ മേഖലയിൽ സ്വീകരിക്കുന്ന നിലപാടുകൾ രാജ്യത്തിനും ലോകത്തിനും മാതൃകയാവുകയാണ്. കോവിഡ് കാലത്ത് ഗ്രാമീണ മേഖലയിലെ ഓൺലൈൻ വിദ്യാഭ്യാസ കണക്കിലും കേരളം ഒന്നാമതെന്ന് സർവേ വ്യക്തമാക്കുന്നു. ഇടതുപക്ഷ മുന്നണി സർക്കാർ കൃത്യമായ ആലോചനയോടും ആസൂത്രണത്തോടും കൂടി നടപ്പാക്കിയ പദ്ധതികളുടെ വിജയമാണ് കേരളത്തെ രാജ്യത്തെ തന്നെ ഒന്നാമതാക്കിയത്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+