നിയന്ത്രണമില്ലാതെ ഇന്ധനവില വിലവർധനവ്; മെയ് മാസത്തിൽ തന്നെ വിലകൂട്ടിയത് 16 തവണ
പെട്രോളിന് ലീറ്ററിന് 29 പൈസയും ഡീസല്‍ ലീറ്ററിന് 28 പൈസയുമാണ് ഇന്ന് കൂട്ടിയത്
തിരുവനന്തപുരം: രാജ്യത്ത് നിയന്ത്രണമില്ലാതെ കുതിക്കുകയാണ് ഇന്ധനവില. ഇന്നും പെട്രോൾ, ഡീസൽ വില ഉയർന്നു. പെട്രോളിന് ലീറ്ററിന് 29 പൈസയും ഡീസല്‍ ലീറ്ററിന് 28 പൈസയുമാണ് കൂട്ടിയത്. കോവിഡ് പ്രതിസന്ധിക്കിടയിലും വില വർധനവ് തുടരുകയാണ്. ഈ മാസം ഇത് 16-ാം തവണയാണ് എണ്ണ കമ്പനികൾ വില കൂട്ടുന്നത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോള്‍ 94.33 രൂപയും ഡീസല്‍ 89.74 രൂപയുമായി. മുംബൈ അടക്കമുള്ള പല നഗരങ്ങളിലും പെട്രോൾ വില സെഞ്ചുറി തികച്ച് മുന്നേറുകയാണ്. ചരിത്രത്തിലാദ്യമായാണ് മുംബൈയിൽ ഇന്ധനവില 100 കടക്കുന്നത്. നേരത്തേ തന്നെ മധ്യപ്രദേശിലേയും രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും വിവിധ നഗരങ്ങളിൽ പെട്രോൾ വില 100 കടന്നിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഇന്ധനവില കുതിച്ചുയർന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില കൂടിയില്ലെന്ന് മാത്രമല്ല നേരിയ കുറവും രേഖപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ വീണ്ടും ഇന്ധനവില കുതിക്കുകയാണ്. ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും ഇന്ധന വില തുടർച്ചയായ ദിവസങ്ങളിൽ വർധിച്ചിരുന്നു.
രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ ആറു മണിക്കാണ് പുതുക്കിയ വില നിലവിൽ വരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ വാറ്റ് നികുതിയിലുള്ള വ്യത്യാസം ഇന്ധനവിലയിലും പ്രതിഫലിക്കും.












Click it and Unblock the Notifications