കേരള പൊലീസ് എന്നാ സുമ്മാവാ; എഐ വീഡിയോ കോള്‍ ഉപയോഗിച്ച് തട്ടിയ 40000 രൂപ തിരികെ പിടിച്ചു
തിരുവനന്തപുരം: വ്യാജ വീഡിയോ കോളിലൂടെ നിര്‍മ്മിത ബുദ്ധി ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് - എ ഐ) ഉപയോഗിച്ച് പണംതട്ടിയ സംഭവത്തില്‍ പരാതിക്കാരന് നഷ്ടപ്പെട്ട പണം വീണ്ടെടുത്ത് പൊലീസ്. കേരള പൊലീസ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗമാണ് നഷ്ടപ്പെട്ട 40000 രൂപ തിരികെ പിടിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പണം വീണ്ടെടുത്തതോടെ സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തിന് ഒരു പൊന്‍തൂവല്‍ കൂടെയായി.
കോഴിക്കോട് സ്വദേശി രാധാകൃഷ്ണന്റെ പണമാണ് നഷ്ടപ്പെട്ടത്. വാട്സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോകോളില്‍ കണ്ടത്. മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകള്‍ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.

താന്‍ ഇപ്പോള്‍ ദുബായിയിലാണെന്നും ബന്ധുവിന്റെ ചികിത്സയ്ക്കായി പണം അത്യാവശ്യമാണെന്നും നാട്ടില്‍ എത്തിയാലുടന്‍ തിരിച്ചു നല്‍കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യം 40,000 രൂപ ആവശ്യപ്പെട്ടയാള്‍ വീണ്ടും 35,000 രൂപ ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നുകയുണ്ടായി. സുഹൃത്തിനെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലായത്.
കേരള പൊലീസിന്റെ 1930 എന്ന ഹെല്‍പ് ലൈന്‍ നമ്പരില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് നഷ്ടപ്പെട്ട മുഴുവന്‍ തുകയും സൈബര്‍ ഓപ്പറേഷന്‍ വിഭാഗം തട്ടിപ്പുകാരില്‍നിന്ന് പിടിച്ചെടുത്ത് തിരികെ നല്‍കുകയായിരുന്നു. പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യര്‍ത്ഥന നടത്തിയാല്‍ പ്രതികരിക്കരുതെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
ഇങ്ങനെ വ്യാജകോളുകള്‍ ലഭിച്ചാല്‍ ഉടന്‍ ആ വിവരം കേരളാ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പരായ 1930ല്‍ അറിയിക്കണം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും പൊലീസ് അറിയിച്ചു.
എ ടി എം. മെഷീന്‍ ബ്ലോക്കാക്കും; സഹായിക്കാനെത്തി പണം തട്ടും; കുറ്റവാളി പിടിയില്‍
തിരുവനന്തപുരം: കേരളം, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ എ.ടി.എം. തട്ടിപ്പ് നടത്തിവന്ന ആളെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. കട്ടപ്പനയിലെ എ.ടി.എമ്മില്‍ പണമെടുക്കാനെത്തിയ ഉപഭോക്താവിനെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ തമിഴ്‌നാട് ബോഡി കുറുപ്പ്‌സ്വാമി കോവില്‍ സ്ട്രീറ്റ് തമ്പിരാജ് (46)നെയാണ് കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. എ.ടി.എം. കൗണ്ടറുകളിലെ കാര്‍ഡ് ഇടുന്ന സ്ലോട്ടുകളില്‍ പേപ്പര്‍ തിരുകി വെക്കുന്ന പ്രതി, പണം പിന്‍വലിക്കാന്‍ കഴിയാതെ ആശയക്കുഴപ്പത്തിലാകുന്ന ഉപഭോക്താക്കളോട് സഹായിക്കാമെന്ന് പറഞ്ഞ് അടുത്തുകൂടി കാര്‍ഡും പിന്‍നമ്പരും കൈക്കലാക്കിയാണ് പണം തട്ടുന്നത്.
ജൂലായ് രണ്ടിന് കട്ടപ്പന സ്വദേശി ശ്രീജിത്ത് എസ്.നായരുടെ എ.ടി.എം. കാര്‍ഡ് തട്ടിയെടുത്ത് പണം തട്ടിയെടുക്കുകയായിരുന്നു. ശ്രീജിത്ത് കട്ടപ്പനയിലെ ഒട്ടേറെ എ.ടി.എം. കൗണ്ടറുകളില്‍ എത്തിയെങ്കിലും പണം പിന്‍വലിക്കുന്നതില്‍ തടസ്സം നേരിട്ടു. തുടര്‍ന്ന് ഒന്നിലേറെ കൗണ്ടറുകളുള്ള എസ്.ബി.ഐ.യുടെ എ.ടി.എമ്മില്‍ എത്തിയപ്പോഴും പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഇതേസമയം, അടുത്തുള്ള കൗണ്ടറില്‍ പണം പിന്‍വലിച്ചുകൊണ്ടിരുന്ന തമ്പിരാജിനെ സഹായത്തിനായി സമീപിച്ചു.
ശ്രീജിത്തിന്റെ കൈയില്‍നിന്ന് കാര്‍ഡ് വാങ്ങിയ തമ്പിരാജ് തന്ത്രത്തില്‍ മറ്റൊരു കാര്‍ഡ് എ.ടി.എം. കൗണ്ടറിലിട്ട ശേഷം ശ്രീജിത്തിനോട് പിന്‍ ടൈപ്പ് ചെയ്യാന്‍ പറഞ്ഞു. ടൈപ്പ് ചെയ്ത പിന്‍ തെറ്റാണെന്ന് കാണിച്ചതോടെ ശ്രീജിത്തിനെ മറ്റൊരു എ.ടി.എം. കാര്‍ഡ് നല്‍കി തമ്പിരാജ് മടക്കി. അടുത്ത ദിവസം രാവിലെ മുതല്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതായുള്ള സന്ദേശം വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടതെന്ന് മനസിലാക്കിയത്. ബാങ്കിനെ സമീപിച്ചപ്പോള്‍ കൈയിലിരിക്കുന്നത് മറ്റാരുടെയോ പണമില്ലാത്ത എ.ടി.എം കാര്‍ഡ് ആണെന്ന് ബോധ്യമായി. തുടര്‍ന്നു പോലീസിനെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications