KAS Exam Result: കെഎഎസ് പ്രാഥമിക പരീക്ഷഫലം പ്രസിദ്ധീകരിച്ചു; മെയിന്‍ പരീക്ഷ നവംബറില്‍
തിരുവനന്തപുരം: കേരള സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന തസ്തികയായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) തസ്തികയുടെ പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 22 നാണ് പ്രാഥമിക പരീക്ഷ നടന്നത്. മൂന്ന് സ്ട്രീമുകളിലായി നടത്തിയ പരീക്ഷയുടെ സ്ട്രീം 1, സ്ട്രീം 2 വിഭാഗങ്ങളില്‍ പരീക്ഷ എഴുതിയവരുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. സ്ട്രീം 1 ല്‍ 2160 പേരെയും സ്ട്രീം 2 ല്‍ 1048 പേരെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മെയിന്‍ പരീക്ഷ നവംബര്‍ 20, 21 തീയതികളില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി നടത്തും. സംസ്ഥാനത്തെ ഭരണംസംവിധാനം തന്നെ ഉടച്ചുവാര്‍ത്ത് കാര്യക്ഷമവും ജനസൗഹാര്‍ദപരവുമാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇതോടെ പൂര്‍ത്തീകരണത്തിലേക്ക് എത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
നല് ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതിയത്. മെയിന്‍ പരീക്ഷയുടെ സിലബസ് നേരത്തെ പിഎസ്സി പ്രസിദ്ധീകരിച്ചിരുന്നു. പിഎസ്സി പ്രസിദ്ധീകരിച്ച മെയിന്‍ പരീക്ഷയുടെ സിലബസ് പ്രകാരം 100 മാര്‍ക്കിന്റെ വീതം മൂന്ന് പേപ്പറുകളാണുള്ളത്. ജനറല്‍ സ്റ്റഡീസിന്റെ വിഷയങ്ങളെ അധീകരിച്ചാണ് പരീക്ഷകള്‍. ചരിത്രം, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം എന്നിവയാണ് ജനറല്‍ സ്റ്റഡീസിന്റെ പേപ്പര്‍ ഒന്നിന്റെ വിഷയങ്ങള്‍. ഭരണഘടന, പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍ എന്നിവയാണ് പേപ്പര്‍ രണ്ട്. ഇക്കണോമി ആന്‍ഡ് പ്ലാനിംഗ്, ഭൂമി ശാസ്ത്രം, എന്നിവയാണ് പേപ്പര്‍ മൂന്ന്.