തൃശൂരില്‍ മഴയില്‍ വ്യാപക നാശനഷ്ടം, കാഞ്ഞാണിയില്‍ മിന്നച്ചുഴലി, ബസിന്റെ ചില്ല് തകര്‍ന്നു
തൃശൂര്‍: ശക്തമായ കാറ്റില്‍ തൃശൂരില്‍ കനത്ത നാശനഷ്ടം. കാഞ്ഞാണിയില്‍ മിന്നല്‍ ചുഴലിയില്‍ തെങ്ങിന്‍പ്പട്ട വന്നിടിച്ച് ബസിന്റെ മുന്‍വശം ഒന്നാകെ തകര്‍ന്നു. ബസിന്റെ ഡ്രൈവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നേരത്തെ പുതുക്കാട് ഭാഗത്ത് മിന്നല്‍ചുഴലിയുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മിന്നല്‍ ചുഴലി തൃശൂര്‍ ജില്ലയുടെ ഒരു ഭാഗത്ത് വലിയ നാശനഷ്ടം വിതച്ചത്.
കുന്നംകുളം, എരുമപ്പെട്ടി, ഗുരുവായൂര്‍ ചാവക്കാട് മേഖലയില്‍ വ്യാപക നാശനഷ്ടമാണ് മിന്നല്‍ ചുഴലിയെ തുടര്‍ന്നുണ്ടായത്. നഗര മേഖലയിലും മരങ്ങള്‍ അടക്കം കടപുഴകിയിട്ടുണ്ട്. കാഞ്ഞാണിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിലാണ് തെങ്ങിന്‍പ്പട്ട വന്നിടിച്ചത്.

മുന്നിലെ മുന്‍വശത്തെ ചില്ല് തകര്‍ന്നിട്ടുണ്ട്. ഡ്രൈവറുടെ കൈയ്യിനും കാലിനും പരുക്കേറ്റിട്ടുണ്ട്. പ്രാഥമിക ശുശ്രൂഷ ഇയാള്‍ക്ക് നല്‍കിയിട്ടുണ്ട്. തൃശൂര്‍-വാടാനപ്പള്ളി റൂട്ടിലോടുന്ന ബസിലാണ് അപകടമുണ്ടായത്. യാത്രക്കാര്‍ക്ക് പരുക്കില്ല.
പലയിടത്തും വൈദ്യുത ബന്ധം തകരാറിലാണ്. മരങ്ങള്‍ വ്യാപകമായി കടപുഴകിയിട്ടുണ്ട്. അതിരപ്പള്ളിയില്‍ മരംപൊട്ടി വീണ് രണ്ട് വയസ്സുള്ള കുട്ടിക്ക് അടക്കം പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ പരുക്ക് ഗുരുതരമല്ല. അയ്യന്തോളിയില്‍ മാവ് കടപുഴകി വീണിട്ടുണ്ട്.
ഇവിടെ റോഡിന്റെ അരികിലുണ്ടായിരുന്ന മാവ് മറ്റൊരു മാവിലേക്ക് കടപുഴകി വീണത്. ഇവ രണ്ടും സമീപത്തുള്ള കടയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ഇവിടെയുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.
പുറത്തേക്ക് ചാടി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് അപകടത്തില്‍ രക്ഷപ്പെട്ടയാള്‍ പറഞ്ഞു. എട്ടില്‍ അധികം പേര്‍ ആ സമയം കടയിലുണ്ടായിരുന്നു. അതേസമയം മരങ്ങള്‍ വെട്ടിനീക്കാനും, വൈദ്യുതി പുനസ്ഥാപിക്കാനുമുള്ള ശ്രമങ്ങളാണ് ജില്ലയില്‍ നടക്കുന്നത്.












Click it and Unblock the Notifications