കാലവര്‍ഷം കാറ്റ് കൊണ്ടുപോയി; സംസ്ഥാനത്ത് മഴയില്‍ വന്‍ കുറവ്, ആശങ്കയോടെ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ച് 20 ദിവസം പിന്നിടുമ്പോള്‍ ആകെ ലഭിച്ച മഴയില്‍ 69 ശതമാനം കുറവ്. ഇടവപ്പാതിയുടെ ഒന്നാം പാദം കാറ്റ് കൊണ്ടുപോയതോടെയാണ് മഴയില്‍ ഇത്രയും ശതമാനം കുറവ് അനുഭവപ്പെട്ടത്. വയനാട് ജില്ലയില്‍ പ്രതീക്ഷിച്ച മഴയുടെ 20 ശതമാനം മാത്രമാണ് ലഭിച്ചത്. കാസര്‍ഗോഡ്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും പ്രതീക്ഷിച്ച മഴയേക്കാള്‍ കുറവാണ് ലഭിച്ചത്.
മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെയാണ് തീരദേശത്ത് കാറ്റടിക്കുന്നത്. അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റാണ് കേരളത്തില്‍ മഴയുടെ വരവിന് തടസമായത്. ചുഴലിക്കാറ്റ് രൂക്ഷമായതോടെ തെക്കന്‍ തീരത്ത് മഴ മേഘങ്ങള്‍ ചിതറിയ സ്ഥിതിയിലാണ്. മുന്‍ വര്‍ഷങ്ങളില്‍ ഈ സമയത്ത് 417.3 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഈ വര്‍ഷം അത് 163.4 മില്ലി മീറ്റര്‍ മാത്രമാണ്.

ഈ അടുത്ത കാലത്തൊന്നും കാലവര്‍ഷം ശക്തിപ്പെടാനുള്ള സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മഴ കുറയുന്നത് തുടര്‍ന്നാല്‍ കാര്‍ഷിക മേഖലയ്ക്കും കനത്ത തിരിച്ചടിയാണ്. പത്ത് ശതമാനത്തോളം വിളവ് കുറയാനുള്ള സാധ്യതയുണ്ട്. നെല്‍കര്‍ഷകരും ബുദ്ധിമുട്ടിലാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് നാമമാത്രമായി മഴ ലഭിച്ചത്. മറ്റ് ജില്ലകളിലെ സ്ഥിതി ഇതിനും മോശമാണ്. പലയിടത്തും ചൂട് കൂടുകയാണ്. നല്ല മഴ ലഭിച്ചിരുന്ന ഇടുക്കിയില്‍ ഈ സമയത്ത് കിട്ടിയ മഴ 30 ശതമാനം മാത്രമാണ്. ഇതിനിടെ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സാന്നിദ്ധ്യത്തില്‍ തമിഴ്‌നാട്ടില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ മഴ ലഭിച്ചു.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം
ജൂണ്‍ 25 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥവകുപ്പ് അറിയിച്ചു.
ജൂണ്‍ 22 വരെ മധ്യ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ് ഓഫ് മന്നാര്‍, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തോട് ചേര്‍ന്നുള്ള തമിഴ്‌നാട് തീരം എന്നിവിടങ്ങളിലും ജൂണ്‍ 23 മുതല്‍ ഞായറാഴ്ച (ജൂണ്‍ 25) വരെ മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഗള്‍ഫ് ഓഫ് മന്നാര്‍ എന്നിവിടങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഈ സാഹചര്യത്തില്‍ മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥവകുപ്പ് അറിയിച്ചു.












Click it and Unblock the Notifications