അതിശക്തമായ മഴ തുടരുന്നു; കേരളത്തിൽ പലയിടത്തും വ്യാപക നാശനഷ്‌ടം, വെള്ളക്കെട്ടും കൃഷിനാശവും
തിരുവനന്തപുരം: കാലവർഷം എത്തിയതോടെ സംസ്ഥാനത്തുടനീളം പെയ്‌ത കനത്ത മഴയിൽ ഉണ്ടായത് വ്യാപക നാശനഷ്‌ടങ്ങൾ. മധ്യകേരളത്തിലും തലസ്ഥാനത്തും വടക്കൻ കേരളത്തിൽ കോഴിക്കോട് അടക്കമുള്ള ജില്ലകളിലും മഴ കാര്യമായ പ്രയാസങ്ങളാണ് ഉണ്ടാക്കിയത്. വടക്കൻ ജില്ലകളിലാവട്ടെ മഴ ഇതുവരെയും ചോർന്നിട്ടില്ല. ഇന്ന് രാവിലെ മുതൽ അധിക ഇടവേളകൾ ഇല്ലാതെ മഴ പെയ്യുകയാണ് ഈ ജില്ലകളിൽ.
മഴ കനത്തതോടെ ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് മഴ തുടർന്ന് സാഹചര്യത്തിൽ ഡാം തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പരിസരവാസികൾ ജാഗ്രത പാലിക്കേണ്ടതാണ്. ഇതിന് പുറമേ തൃശൂരിലെ മലയോര മേഖലകളിലും എറണാകുളത്തെ തീരദേശ മേഖലകളിലും മഴ തുടരുകയാണ്.

തൃശൂരിൽ പലയിടത്തും ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴ കാര്യമായ നഷ്‌ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പുത്തൂർ, കൊളാം കുണ്ട്, പയ്യനം ഭാഗത്ത് റബർ മരങ്ങൾ ഒടിഞ്ഞ് വീണ് വൈദ്യുതി തടസപ്പെടുകയുണ്ടായി. വടക്കാഞ്ചരി ബ്ലോക്ക് ഓഫിസിന് സമീപം വാകമരം കടപുഴകി വീണ് ഗതാഗത തടസവും സൃഷ്‌ടിച്ചു.
ചെറുതുരുത്തി മുസ്ലിം പള്ളിക്ക് സമീപം റോഡിലേക്ക് മരം പൊട്ടി വീണ് കടകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. എറണാകുളം ജില്ലയുടെ മലയോര മേഖലകളിൽ പുലർച്ചെ മുതൽ ആരംഭിച്ച കനത്ത മഴയും കാറ്റും വൈകുന്നേരവും തുടരുകയാണ്. തീരദേശ മേഖലകളിലും മഴയും കടൽക്ഷോഭവും രൂക്ഷമായിട്ടുണ്ട്. ദേശീയ പാതയിൽ നെട്ടൂർ പരുത്തിച്ചുവട് പാലത്തിൽ മെറ്റലിൽ തെന്നി ബൈക്ക് യാത്രക്കാർ വീണതോടെ ഫയർ ഫോഴ്‌സ് എത്തി ഇവിടം യാത്രായോഗ്യമാക്കി.
മധ്യകേരളത്തിലേതിന് സമാനമായി തിരുവനന്തപുരത്തും കനത്ത മഴ കാര്യമായി നഷ്‌ടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പലയിടത്തും വൈദ്യുതി ബന്ധം തടസപ്പെട്ടു. മരങ്ങൾ കടപുഴകി വീണത് നഗരത്തിൽ പലയിടത്തും ഗതാഗത തടസവുമുണ്ടാക്കി. ശക്തമായ കാറ്റിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിന്റെ മേൽക്കൂര തകർന്ന് വീണിരുന്നു.
കൂടാതെ വെങ്ങാനൂർ ചാവടി നട ഏലായിൽ 25 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായാണ് കർഷകർ പറയുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും കാറ്റിലും ആയിരക്കണക്കിന് ഏത്തവാഴകളാണ് ഒടിഞ്ഞുവീണത്. ഓണത്തിന് വിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷിയാണ് ഇവിടെ കാറ്റും മഴയും കൊണ്ട് പോയത്. ഏകദേശം അയ്യായിരത്തോളം വാഴകൾ നശിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്.
കോഴിക്കോട് നഗരത്തില്‍ ഉൾപ്പെടെ കനത്തമഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ റോഡില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു. പോലീസും അഗ്നി രക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് റോഡിലെ തടസങ്ങള്‍ നീക്കുകയായിരുന്നു. കാരശ്ശേരി പഞ്ചായത്തിൽ കനത്ത മഴയെ തുടർന്ന് വീട് തകരുകയും ചെയ്‌തിട്ടുണ്ട്. പലയിടത്തും വ്യാപക കൃഷിനാശവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇക്കുറി കാലവർഷം നേരത്തെ എത്തിയതോടെ വിവിധ മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ കാലവർഷം നേരത്തെ എത്തുന്നത്. ഇതോടെ മഴ മുന്നറിയിപ്പുകൾ എല്ലാം തന്നെ പുതുക്കുന്ന സാഹചര്യവും ഉണ്ടായി. പല ജില്ലകളിലും റെഡ് അലർട്ട് ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കണ്ണൂരിലും കാസർഗോഡും റെഡ് അലർട്ട് അടക്കം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്. മറ്റന്നാൾ 11 ജില്ലകളിൽ റെഡ് അലർട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. തീരദേശത്തും മലയോര മേഖലയിലും കനത്ത ജാഗ്രതയുമുണ്ട്.












Click it and Unblock the Notifications