Kerala Rain Updates: കേരളത്തില്‍ ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകും: എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകും. ശനിയാഴ്ച വരെ വിവിധ ഭാഗങ്ങളിലായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ എട്ടോളം ജില്ലകളിലായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് നിലനില്‍ക്കും. ഞായറാഴ്ച കോഴക്കോട് മാത്രമാണ് മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട് - തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യുനമർദ്ദം തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാടിനു സമീപം ചക്രവാത ചുഴിയായി ദുർബലമായി . തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുവെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തമിഴ്‌നാട് തീരം, അതിനോട് ചേർന്ന തെക്കൻ ആന്ധ്രാപ്രദേശ് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇന്ന് ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പുണ്ട്.
കാലവർഷത്തില്‍ നല്ല മഴ ലഭിച്ചെങ്കിലും തുലാവർഷത്തില്‍ മഴ പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചിലയിടങ്ങളില്‍ ഒന്നോ രണ്ടേ ദിവസം ശക്തമായ മഴ ലഭിച്ചെങ്കിലും സംസ്ഥാനത്തുടനീളം ശക്തമായ മഴ തുലാവർഷത്തില്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ ആകെ മഴയുടെ അളവില്‍ വലിയ കുറവില്ലെങ്കിലും പരക്കെ മഴ ലഭിച്ചാല്‍ മാത്രമെ നേട്ടമുണ്ടാവുകയുള്ളു. അറബിക്കടലിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴികള്‍ മണ്‍സൂണ്‍ കാറ്റിനെ ബാധിച്ചതാണ് മഴ കുറയാന്‍ കാരണമായതെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.












Click it and Unblock the Notifications