കേരളത്തിന്റെ ആവശ്യം പരിഗണിച്ചു: എംപിഇഡിഎ ആസ്ഥാനം കൊച്ചിയില്‍ നിന്ന് മാറ്റില്ലെന്ന് കേന്ദ്ര മന്ത്രി
കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എംപിഇഡിഎ) ആസ്ഥാനം കേരളത്തിൽ നിന്ന് ആന്ധ്രാപ്രദേശിലേക്ക് മാറ്റാൻ പദ്ധതിയില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ മന്ത്രി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡി ഈ തെക്കൻ തീരദേശ നഗരത്തിൽ നിന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നും അഭിപ്രായപ്പെട്ടു.
"ഈ മനോഹരമായ കൊച്ചി നഗരത്തിൽ നിന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി മാറ്റാൻ ഒരു പദ്ധതിയുമില്ല, ഞങ്ങൾക്ക് ഇവിടെ വളരെ വലിയ സജ്ജീകരണമുണ്ട്, അത് ശക്തിയിൽ നിന്ന് കൂടുതല്‍ ശക്തിയിലേക്ക് വളരും", ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അടുത്തിടെ, കേരളത്തിൽ നിന്നുള്ള എംപിമാരായ ഹൈബി ഈഡൻ, ടി എൻ പ്രതാപൻ എന്നിവർ കൊച്ചിയിലെ എംപിഇഡിഎ ആസ്ഥാനം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗോയലിനെ ബോധ്യപ്പെടുത്താൻ ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

കേരളം, തമിഴ്‌നാട്, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുമായി സുസ്ഥിര പരമ്പരാഗത മത്സ്യബന്ധനത്തിൽ അവർ ചെയ്യുന്ന നല്ല പ്രവർത്തനങ്ങളെക്കുറിച്ച് വിപുലമായ ചർച്ചകൾ നടത്തിയതായും ഗോയൽ പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സമുദ്രോത്പന്ന കയറ്റുമതി ഇരട്ടി, അതായത് 50,000 കോടിയിൽ അധികം രൂപയിൽ നിന്ന് ഒരു ലക്ഷം കോടി രൂപയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
സുസ്ഥിര മത്സ്യബന്ധനം, ഗുണമേന്മയും വൈവിധ്യവും ഉറപ്പാക്കൽ, തീരദേശ ഷിപ്പിംഗിനും ജലക്കൃഷിയ്ക്കും പ്രോത്സാഹനം എന്നിങ്ങനെ മത്സ്യബന്ധന ആവാസവ്യവസ്ഥയ്ക്ക് സമഗ്ര പിന്തുണ നല്കുന്നതിലൂടെ ഈ ലക്ഷ്യം കൈവരിക്കും. യു.എ.ഇ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ രൂപം നൽകിയിട്ടുണ്ടെന്നും യുകെയുമായും കാനഡയുമായും അത്തരമൊരു കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിലെത്താനുള്ള ചർച്ചകൾ ഈ മാസം 17ന് ബ്രസൽസിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂല്യവർദ്ധനയ്ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയിലെ തടസ്സങ്ങൾ കുറയ്ക്കുന്നതിന് തന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ നടത്താമെന്നും മന്ത്രി ഉറപ്പുനൽകി. അതുവഴി ഇന്ത്യയെ സമീപഭാവിയിൽ ഒരു സമുദ്രോത്പന്ന സംസ്‌കരണ കേന്ദ്രമാക്കി മാറ്റാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മത്സ്യബന്ധനത്തിൽ സുസ്ഥിരമായ നടപടികൾ പിന്തുടരാനും പിടിച്ച മത്സ്യത്തിന്റെ ഗുണനിലവാരം നിലനിർത്താനും അതുവഴി മികച്ച വരുമാനം ലഭിക്കാനും മത്സ്യത്തൊഴിലാളികളെ ബോധവൽക്കരിക്കാനും സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും കയറ്റുമതിക്കാരോട് മന്ത്രി അഭ്യർത്ഥിച്ചു. വ്യാപാരം വിപുലീകരിക്കുന്നതിന് കയറ്റുമതിക്കാരെ സഹായിക്കാൻ വിദേശത്തുള്ള ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾ തയ്യാറായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications