മഴയിൽ മുങ്ങി കൊച്ചി, വെള്ളക്കെട്ട്; തിരുവനന്തപുരത്തും ശക്തമായ മഴ; 6 ജില്ലകളിൽ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴ. കനത്ത മഴയിൽ എറണാകുളം നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. കാക്കനാട് ഇൻഫോപാർക്ക്, ആലുവ - ഇടപ്പള്ളി റോഡ്, പാലാരിവട്ടം - കാക്കനാട് റോഡ്. സഹോദരൻ അയ്യപ്പൻ റോഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും വെള്ളം കയറിയത്. ഗതാഗതക്കുരുക്ക് രൂക്ഷമായി. കടകളിലേക്കും വെള്ളം കയറി.
മഴക്കെടുതിയിൽ ഇന്ന് 3 മരണം ആണ് റിപ്പോർട്ട് ചെയ്തത്. വർക്കല ക്ലിഫ് ഇടിഞ്ഞു. ഒന്നര മണിക്കൂറിൽ കൊച്ചിയിൽ പെയ്തത് 98 മില്ലി മീറ്റർ മഴയാണ്. മഴയ്ക്ക് കാരണം മേഘവിസ്ഫോടനമെന്നാണ് കുസാറ്റ് ശാസ്ത്രജ്ഞർ പറയുന്നത്. ഇന്ന് രാവിലെ ഏഴ് മണി മുതലാണ് എറണാകുളത്ത് ശക്തമായ മഴ തുടങ്ങിയത്. കനത്ത മഴയിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ റോഡിൽ ന വാഹനങ്ങളുടെ നീണ്ടനിരയാണ് ഉണ്ടായത്. റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ കാൽനടക്കാർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായി.

ഇടപ്പള്ളി മരോട്ടിച്ചുവടിൽ വീടുകളിലും റോഡിലും വെള്ളം കയറി. മഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ ഫോർട്ട് കൊച്ചിയിൽ കെ എസ് ആർ ടി സി ബസിന് മുകളിൽ മരം വീണു. ആർക്കും പരിക്കില്ല. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം ദേശീയ പാതയിൽ മരം വീണത് ഗതാഗത തടസ്സത്തിന് ഇടയാക്കി.
തിരുവന്തപുരം, കാെല്ലം എന്നീ ജില്ലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. തിരുവനന്തപുരം നെയ്യാൻ കരയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ഒരു ഭാഗം നെയ്യാറിലേക്ക് ഇടിഞ്ഞുവീണു. കൊല്ലത്ത് മരുത്തടി, ശക്തികുളങ്ങര, മാങ്ങാട് പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. എം സി റോഡിൽ നിലമേൽ, വാളകം എന്നിവിടങ്ങളിലും ദേശീയപാതയിൽ കൊട്ടിയം, ചാത്തനൂർ മേഖലകളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു.
കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും (64.5-115.5 mm) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേ സമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ആറ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കാലവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നേരത്തെ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് ഈ ജില്ലകൾക്ക് പുറമെ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം:
കേരള തീരത്ത് ഇന്ന് (28- 05- 2024) രാത്രി 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 45 സെന്റി മീറ്ററിനും 81 സെന്റി മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് (28 -05- 2024) രാത്രി 11.30 വരെ 1.3 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 45 സെൻറി മീറ്ററിനും 81 സെന്റി മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.












Click it and Unblock the Notifications