തീച്ചൂളയായി കേരളം; സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു, ഇന്ന് ആറ് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിലെ താപനിലയിൽ പെട്ടെന്നുണ്ടായ വർധനയിൽ ജനങ്ങൾ വലയുന്നതിനിടെ ഇന്ന് ആറ് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
നിലവിലെ താപനിലയെക്കാള്‍ 2 മുതല്‍ 4 വരെ ഡിഗ്രി കൂടുതലായിരിക്കും അനുഭവപ്പെടുക എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നത്. ഇന്നലെ തൃശൂര്‍ വെള്ളാനിക്കരയില്‍ 37 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. കൊച്ചി വിമാനത്താവളത്തിലായിരുന്നു ഏറ്റവും കുറഞ്ഞ താപനില, 32.8 ഡിഗ്രി.

നിലവിൽ എവിടെയും വേനൽമഴ എത്താനുള്ള സാധ്യത ഇല്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. മാർച്ച് പകുതിയോടെ മാത്രമേ മഴ പെയ്യാൻ സാധ്യതയുള്ളൂ. ഈ സാഹചര്യത്തിൽ കനത്ത ചൂടിനെ നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനുള്ള കർമ്മ പദ്ധതികൾ ഇക്കുറി നേരത്തെ തന്നെ പ്രഖ്യാപിച്ചേക്കും.
അതേസമയം, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പകൽ 11 മുതൽ മൂന്ന് വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും കാലാവസ്ഥാവകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. ദാഹം തോന്നിയില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണം. പകൽ 11 മുതൽ മൂന്ന് മണി വരെ വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കണമെന്നും ആരോഗ്യ വകുപ്പ് പുറത്തുവിട്ട നിർദ്ദേശത്തിൽ പറയുന്നു.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നു.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കണം. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കണമെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications