Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രം ഒഴിവാക്കിയത് കേരളം പഠിപ്പിക്കും; ഈ തീരുമാനമെടുക്കാന്‍ വേറെ എത്ര പേർക്ക് സാധിക്കും: പിണറായി

മലപ്പുറം: കേന്ദ്രം ഒഴിവാക്കിയ ചരിത്ര ഭാഗങ്ങള്‍ കേരളം പഠിപ്പിക്കുമെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പാഠപുസ്‌ത‌കങ്ങളില്‍ ഈ ചരിത്രഭാഗങ്ങള്‍ നേരത്തേയുണ്ടായിരുന്നു. ഇനിയും അത് ഉണ്ടാകുമെന്നു തന്നെയാണ് വ്യക്തമാക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ സാദരം എംടി ഉത്സവം പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളത്തില്‍ നിലവില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഭാഗം എന്തുവന്നാലും മാറ്റുന്ന പ്രശ്‌നമില്ല. അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ എത്ര പേര്‍ക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗാന്ധി വധം അടക്കം പല വിഷയങ്ങളും അവര്‍ പാഠപുസ്തകങ്ങളില്‍ നിന്നും മനഃപൂര്‍വം ഒഴിവാക്കുകയാണ്. ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെക്കുറിച്ചോ ആര്‍എസ്എസ്, സംഘപരിവാറിനെക്കുറിച്ചോ പറയുന്നില്ല. ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ഭാവിയിലെ കുഞ്ഞുങ്ങള്‍ അറിയരുത് എന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

നമ്മുടെ രാജ്യത്തിന്റെ ചരിത്രം പ്രത്യേക രീതിയില്‍ മാറ്റി എഴുതാനാണ് നീക്കം. ഈ രാജ്യത്തിന്റെ സുപ്രധാന മുഹൂര്‍ത്തങ്ങളിലും പ്രക്ഷോഭങ്ങളിലും ഒരു പങ്കും വഹിക്കാത്തവരാണ് ആര്‍എസ്എസും സംഘപരിവാറും. ആ യാഥാര്‍ത്ഥ്യം ആരും അറിയരുതെന്നാണ്. അതിന് അവര്‍ക്ക് ചരിത്രം തിരുത്തിയെഴുതണമെന്നാണ് അവര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 pinarayi

പൗരത്വഭേദഗതി നിയമം ഒരു കാലത്തും കേരളത്തില്‍ നടപ്പാക്കില്ല. എന്നാല്‍ ഇത്തരത്തില്‍ വര്‍ഗീയ നീക്കങ്ങളുണ്ടാകുമ്പോള്‍ മതനിരപേക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ എതിര്‍ക്കാന്‍ തയ്യാറാകുന്നില്ല. പൗരത്വഭേദഗതി കേരളത്തില്‍ നടപ്പിലാക്കില്ല എന്നു തന്നെ കേരളം നിലപാടെടുത്തു. ചിലര്‍ക്ക് അക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. നടപ്പാക്കില്ല എന്ന് പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. കേരളത്തിൽ വിദ്വേഷത്തിന്റെ വിത്തുവിതയ്‌ക്കാനുള്ള നീക്കമാണ് ചിലർ നടത്തുന്നത്. രാജ്യമാകെ കേരളത്തെക്കുറിച്ച് തികച്ചും മോശമായ ചിത്രം പ്രചരിപ്പിക്കാൻ ഇക്കൂട്ടർ കുറച്ചുനാളായി നിരന്തരശ്രമം നടത്തുന്നു. നുണകൾ ആവർത്തിച്ചാവർത്തിച്ച് സത്യങ്ങളെന്ന മട്ടിൽ അവതരിപ്പിക്കുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് അവർ പയറ്റുന്നത്. ദുരാരോപണങ്ങൾക്കും വ്യാജ പ്രചരണങ്ങൾക്കുമെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

വർഗീയ കലാപത്തിലൂടെ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്‌ട്രീയ വിപുലീകരണം നടത്തുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. 2014 മുതലുള്ള സംഭവങ്ങൾ പരിശോധിച്ചാൽ ആർക്കുമിത് ബോധ്യമാകും. ഏകീകൃത സിവിൽ കോഡിലേക്കാണു നീങ്ങുന്നത്. തുടർന്ന് ഹിന്ദുരാഷ്‌ട്ര നിർമാണത്തിലേക്കും. ക്രൈസ്‌തവ, മുസ്ലീം അടക്കമുള്ള വിഭാഗങ്ങൾക്ക് സ്വന്തം സ്വത്വം നിലനിർത്താൻ കഴിയാതാവുന്നു എന്നതാണ് രാജ്യത്തിന്റെ പൊതുസ്ഥിതി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇനിയും കലാപത്തീ അണയാത്ത മണിപ്പൂർ.

ചരിത്രത്തെ എന്നും സംഘപരിവാറിന് ഭയമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത പാരമ്പര്യം അവകാശപ്പെടുന്ന അവർക്ക് രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ വേവലാതിയുണ്ടാകുന്നത് സ്വാഭാവികമാണ്. ഇന്ത്യാചരിത്രത്തിന്റെ ബഹുസ്വരതയെയാണ് അവർ ഭയപ്പെടുന്നത്. രാഷ്‌ട്രപിതാവ് ഗാന്ധിജിയും ആദ്യ പ്രധാനമന്ത്രി നെഹ്റുവും പാഠപുസ്‌തകങ്ങളിൽ നിന്ന് വെട്ടിമാറ്റപ്പെടുന്നു. ഇപ്പോഴിതാ ആദ്യ വിദ്യാഭ്യാസമന്ത്രി മൗലാനാ അബുൽ കലാം ആസാദിനെയും പുറത്താക്കിയിരിക്കുന്നു. മുഗൾ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കംചെയ്യാനും എൻസിഇആർടി തീരുമാനിച്ചിരിക്കുന്നു.

പാഠങ്ങൾ നീക്കി ചരിത്രം മായ്‌ക്കാനാവുമെന്ന് വിചാരിക്കുന്നവർ മൂഢസ്വർഗത്തിലാണ്‌. സംഘപരിവാർ ഭയപ്പെടുന്നവയെല്ലാം കേരളത്തിലെ പാഠപുസ്‌തകങ്ങളിൽ തുടർന്നും പഠിപ്പിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി അന്ന് കൂട്ടിച്ചേർത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+