'ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ബിജെപിക്ക് വോട്ട് ചെയ്യും', ബിജെപി രണ്ടക്കം കടക്കുമെന്ന് നരേന്ദ്ര മോദി
തിരുവനന്തപുരം: രാഷ്ട്ര നിര്‍മ്മാണത്തിനായി ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. കേരളത്തില്‍ ഇക്കുറി ബിജെപി രണ്ടക്കം കടക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
''നിങ്ങളുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മോദി പ്രയത്‌നിക്കുമെന്ന് ഞാന്‍ വാക്ക് നല്‍കുന്നു, ഇത് മോദിയുടെ ഗ്യാരണ്ടിയാണ്. കെ സുരേന്ദ്രന്റെ പദയാത്രയിലെ ജനങ്ങളുടെ പങ്കാളിത്തം എനിക്കൊരു സന്ദേശമാണ് നല്‍കുന്നത്'', പ്രധാനമന്ത്രി പറഞ്ഞു. കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന വിമര്‍ശനം പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. സംസ്ഥാനങ്ങളെ വോട്ട് ബാങ്കുകളായിട്ടല്ല ബിജെപി കാണുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

'ഒരിക്കലും ഒരു ഇന്ത്യന്‍ സംസ്ഥാനത്തേയും ബിജെപി വോട്ട് ബാങ്കായി കണ്ടിട്ടില്ല. കേരളത്തില്‍ ബിജെപി ശക്തമല്ലാതിരുന്നിട്ട് കൂടി സംസ്ഥാനത്തിന്റെ ശാക്തീകരണത്തിന് വേണ്ടി തങ്ങള്‍ രാപ്പകല്‍ അധ്വാനം ചെയ്യുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ പോലെ തന്നെ വികസനത്തിന്റെ ഗുണങ്ങള്‍ കേരളത്തിനും ലഭിച്ചിട്ടുണ്ട്' എന്നും നരേന്ദ്ര മോദി പറഞ്ഞു.
അതിനിടെ സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിക്കാനും പ്രധാനമന്ത്രി മറന്നില്ല. കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ശത്രുക്കളും കേരളത്തിന് പുറത്ത് അടുത്ത കൂട്ടുകാരുമാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. യുവരാജാവിനെ വയനാട്ടില്‍ നിന്ന് തുരത്തണം എന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്, രാഹുല്‍ ഗാന്ധിയെ പേരെടുത്ത് പറയാതെ മോദി പറഞ്ഞു.
ഈ രണ്ട് പാര്‍ട്ടികളും കേരളത്തില്‍ പരസ്പരം ആക്രമണം അഴിച്ച് വിടുന്നു. ഇവിടെ ഇവര്‍ ശത്രുക്കളാണ്. എന്നാല്‍ കേരളത്തിന് പുറത്ത് ഉറ്റ സുഹൃത്തുക്കളും. അവര്‍ ഒരുമിച്ച് ഇരിക്കുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. യുവരാജാവിനോട് കേരളത്തിന് പുറത്ത് പോകാനാണ് ഇടതുപക്ഷം ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിനും അവരുടെ കമ്മ്യൂണിസ്റ്റ് സഖ്യകക്ഷികളും ഒരു ലക്ഷ്യം മാത്രമേ ഉളളൂ. അവര്‍ അവരുടെ കുടുംബങ്ങളെ മാത്രമേ രാജ്യം ഭരിക്കാന്‍ അനുവദിക്കുകയുളളൂ, രാജ്യത്തിന്റെ ക്ഷേമത്തേക്കാള്‍ കുടുംബത്തിന്റെ ക്ഷേമമാണ് അവര്‍ക്ക് മുഖ്യം, പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications