മൂന്നു വർഷത്തെ പ്രണയം, നീനുവും കെവിനും ഒരുമിച്ചു; ദാമ്പത്യ ജീവിതത്തിന് ആയുസ് മണിക്കൂറുകൾ മാത്രം...
കോട്ടയം നഗരത്തിലെ കോളേജിൽ ബിരുദ പഠനത്തിനെത്തിയ നീനുവും കെവിനും തമ്മിലുള്ള ഈ പരിചയം പിന്നീട് പ്രണമായി മാറുകയായിരുന്നു.
Recommended Video

കോട്ടയം: മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ അവർ ഒരുമിച്ചെങ്കിലും ആ ദാമ്പത്യം നീണ്ടുനിന്നത് മണിക്കൂറുകൾ മാത്രം. കൊല്ലം തെന്മല സ്വദേശിനിയായ നീനൂ ചാക്കോയും കോട്ടയം ഏറ്റുമാനൂർ സ്വദേശി കെവിനും തമ്മിൽ മൂന്ന് വർഷം മുൻപാണ് പരിചയത്തിലാവുന്നത്. കോട്ടയം നഗരത്തിലെ കോളേജിൽ ബിരുദ പഠനത്തിനെത്തിയ നീനുവും കെവിനും തമ്മിലുള്ള ഈ പരിചയം പിന്നീട് പ്രണമായി മാറുകയായിരുന്നു.
മൂന്നു വർഷക്കാലം പ്രണയിച്ച് നടന്ന കെവിന്റെയും നീനുവിന്റെയും ജീവിതത്തിൽ അടുത്തിടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കെവിനുമായുള്ള പ്രണയം നീനുവിന്റെ വീട്ടിലറിഞ്ഞതോടെ എതിർപ്പുകളുണ്ടായി. ഒരു കാരണവശാലും കെവിനുമായുള്ള വിവാഹത്തിന് സമ്മതിക്കില്ലെന്നായിരുന്നു നീനുവിന്റെ വീട്ടുകാരുടെ നിലപാട്. ഇതോടെയാണ് കഴിഞ്ഞ വ്യാഴാഴ്ച നീനു വീട് വിട്ടിറങ്ങിയത്.

ജാതി പ്രശ്നവും...
കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ കെവിനും കൊല്ലം സ്വദേശിനിയായ നീനുവും ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടവരാണെങ്കിലും വ്യത്യസ്ത ജാതിയിലുള്ളവരാണ്. ദളിതരായിരുന്ന കെവിന്റെ വീട്ടുകാർ പിന്നീട് ക്രൈസ്തവ മതം സ്വീകരിച്ചവരാണ്. ഇതിനുപുറമേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബവും. ഈ രണ്ട് കാരണങ്ങൾ കൊണ്ടാണ് നീനുവിന്റെ വീട്ടുകാർ കെവിനുമായുള്ള ബന്ധത്തെ എതിർത്തത്. തുടർന്ന് ബന്ധുക്കൾ ചേർന്ന് നീനുവിന് മറ്റൊരു വിവാഹം ഉറപ്പിച്ചു.

കോട്ടയത്തേക്ക്...
മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ കെവിനും നീനുവും രജിസ്റ്റർ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങൾ കെവിൻ നേരത്തെ നടത്തുകയും ചെയ്തു. തുടർന്ന് വെള്ളിയാഴ്ച രാവിലെ നീനു വീട്ടിൽ നിന്നുമിറങ്ങി. പരീക്ഷയുടെ വിവരം തിരക്കാൻ കോട്ടയത്തെ കോളേജിൽ പോകുന്നുവെന്ന് പറഞ്ഞാണ് നീനു കൊല്ലത്ത് നിന്ന് യാത്രതിരിച്ചത്.

പരാതി...
കോട്ടയത്ത് എത്തിയ നീനുവും കെവിനും തമ്മിൽ വെള്ളിയാഴ്ച തന്നെ വിവാഹം കഴിച്ചു. രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ. രാത്രി ഏഴ് മണിയോടെ നീനു സ്വന്തം വീട്ടിൽ വിളിച്ച് തന്റെ വിവാഹം കഴിഞ്ഞതായി അറിയിച്ചു. ഇതിനുപിന്നാലെയാണ് കെവിന്റെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് തുടക്കമായത്. പിന്നീട് പലതവണ വീട്ടുകാർ നീനുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഗാന്ധിനഗർ പോലീസിൽ പരാതി നൽകി.

സ്റ്റേഷനിൽ...
നീനുവിന്റെ വീട്ടുകാരുടെ പരാതിയെ തുടർന്ന് കെവിനും നീനുവും ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെത്തി. വിവാഹം ചെയ്തതിന്റെ രേഖകൾ പോലീസ് ഉദ്യോഗസ്ഥരെ കാണിച്ചു. എന്നാൽ വീട്ടുകാരോടൊപ്പം പോകാനായിരുന്നു നീനുവിന് പോലീസുകാർ നൽകിയ നിർദേശം. ഇതിനെതിരെ പ്രതികരിച്ചതോടെ കെവിനോടൊപ്പം പോകാൻ അനുവാദം നൽകി. പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് നീനുവിനെ സഹോദരൻ ഷാനു ചാക്കോയും ബന്ധുക്കളും ബലമായി വാഹനത്തിൽ പിടിച്ചുകയറ്റാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാരും കെവിന്റെ ബന്ധുക്കളും ചേർന്ന് ഈ ശ്രമം പരാജയപ്പെടുത്തി.

ഹോസ്റ്റലിൽ...
പോലീസ് സ്റ്റേഷനിലെ സംഭവവികാസങ്ങൾക്ക് ശേഷവും ഭീഷണി തുടർന്നതിനാലാണ് കെവിൻ നീനുവിനെ ഹോസ്റ്റലിൽ പാർപ്പിച്ചത്. നീനുവിനെ ഗാന്ധിനഗറിലെ ഹോസ്റ്റലിലാക്കിയ ശേഷം കെവിൻ പിതൃസഹോദരന്റെ മകൻ അനീഷിന്റെ മാന്നാനത്തെ വീട്ടിലേക്കും പോയി. ഇവിടെനിന്നാണ് നീനുവിന്റെ സഹോദരനും സംഘവും കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയത്. കെവിനെ കാണാതായതിന് പിന്നാലെ തന്റെ സഹോദരനാകും സംഭവത്തിന് പിന്നിലെന്ന് നീനു ഉറപ്പിച്ചിരുന്നു. ഇക്കാര്യം പരാതിയായി പോലീസിനെ അറിയിക്കുകയും ചെയ്തു.

ആശുപത്രിയിൽ...
എന്നാൽ നീനുവിന്റെ പരാതിയിൽ പോലീസ് ആദ്യമൊന്നും നടപടി സ്വീകരിച്ചില്ല. ഉറ്റവനായ കെവിനെ കണ്ടുപിടിക്കാതെ ഇവിടെനിന്ന് പോകില്ലെന്ന് പറഞ്ഞ് നീനു പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് നടത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തട്ടിക്കൊണ്ടുപോയത് സഹോദരനാണെന്ന് ഉറപ്പായിരുന്നെങ്കിലും പ്രിയപ്പെട്ടവനെ അവർ കൊന്നുകളയുമെന്ന് നീനു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, കെവിൻ തിരിച്ചുവരുന്നതും കാത്തിരുന്ന നീനുവിനെ തേടിയെത്തിയത് പ്രിയതമന്റെ മരണവാർത്തയായിരുന്നു. കെവിന്റെ മരണ വാർത്ത കേട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നീനു ഇപ്പോൾ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുകയാണ്.












Click it and Unblock the Notifications