
കെഎം ബഷീര്‍ കേസ്; ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും ഇന്ന് നിര്‍ണായക ദിനം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് കോടതിയുടെ സുപ്രധാന വിധി. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്, രണ്ടാം പ്രതി വഫ ഫിറോസ് എന്നിവര്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍കുമാര്‍ വിധി പറയും. അതേസമയം, കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
തനിക്കെതിരായ കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും വിചാരണ കൂടാതെ വിട്ടയക്കണമെന്നുമാണ് ശ്രീറാമിന്റെ ആവശ്യം. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. എഫ്‌ഐആറില്‍ താന്‍ പ്രതിയല്ല. രക്തസാമ്പിള്‍ എടുക്കാന്‍ വിമുഖത കാട്ടിയില്ലെന്നും പോലീസാണ് വൈകിപ്പിച്ചതെന്നും ശ്രീറാം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
സൗദി അറേബ്യ ഇറാനൊപ്പമാണ് എന്ന് ഇതിന് അര്ഥമുണ്ടോ? സുപ്രധാന ചോദ്യവുമായി രാജകുമാരന്
വൈദ്യപരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ മാത്രമാണ് പോലീസ് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഡോ. രാകേഷ് തമ്പിയുടെ മൊഴിയുണ്ട്. രക്തസാമ്പിള്‍ എടുക്കാനോ മറ്റു പരിശോധന നടത്താനോ പോലീസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നില്ല. പിന്നീട് രക്തസാമ്പിള്‍ പരിശോധിച്ച കെമിക്കല്‍ അനാലിസ് ലാബ് രക്തത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ 201 (തെളിവു നശിപ്പിക്കല്‍), 185 (മദ്യപിച്ച് വാഹനമോടിക്കല്‍) കുറ്റം നിലനില്‍ക്കില്ലെന്നും ശ്രീറാം വാദിച്ചിരുന്നു.
വിലക്കാനുള്ള നീക്കം പാളി; മുഈന് അലി തങ്ങള് കോഴിക്കോട് വിമത യോഗത്തില്, ഒപ്പം പ്രമുഖരും
അതേസമയം സംഭവം നടന്ന ഉടന്‍ രക്ത സാമ്പിളെടത്തിരുന്നെങ്കില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തുമായിരുന്നെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം ലഭ്യമാകുന്ന പരമാവധി സമയം എട്ടുമണിക്കൂറാണ്. അതുകഴിഞ്ഞ ശേഷമാണ് രക്തമെടുക്കാന്‍ പ്രതി അനുമതി നല്‍കിയത്. മദ്യത്തിന്റെ മണമുണ്ടായിരുന്നതായി ശ്രീറാമിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിട്ടുണ്ട്. അതിനാല്‍ പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നും വിടുതല്‍ ഹര്‍ജി അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
വഫ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ നേരത്തെ വാദം പൂര്‍ത്തിയാക്കിയിരുന്നു. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫ ക്കെതിരായ കുറ്റം. എന്നാല്‍ താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും സാക്ഷികള്‍ തനിക്കെതിരെ മൊഴി നല്‍കിയിട്ടില്ലെന്നുമായിരുന്നു വഫയുടെ വാദം.