മാണിയെയും ലീഗിനെയും അടുപ്പിക്കാനുള്ള സിപിഎമ്മിന്റെ കളി നടക്കില്ല; സിപിഐ ഉറച്ച് തന്നെ
തിരുവനന്തപുരം: കെഎം മാണിയെയും ലീഗിനെയും എല്‍ഡിഎഫിലേക്ക് മുന്നണിയിലെടുക്കാനുള്ള ശ്രമത്തിനെതിരെ സിപിഐ. കേരള കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും ഒരു കാരണവശാലും അടുപ്പിക്കരുതെന്നും ഇത്തരം നീക്കമുണ്ടായാല്‍ ചെറുക്കണമെന്നുമാണ് സിപിഐ നേതൃയോഗ തീരുമാനം.
മാണിയോട് പ്രശ്‌നാധിഷ്ഠിത പിന്തുണ തേടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും സിപിഎം നിലപാടിനെ വിമര്‍ശിച്ച്‌കൊണ്ട് സിപിഐ കുറ്റപ്പെടുത്തി. കെഎം മാണിക്കെതിരായ അഴിമതി ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നതാണെന്നും ആഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഫലമാണ് ഈ സര്‍ക്കാരെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.

ഒരു മുഴം മുമ്പേ
കേരള കോണ്‍ഗ്രസിനെ ഇടതുപക്ഷത്തേക്ക് കൊണ്ട് വരാനും ലീഗിനോടുള്ള മനോഭാവത്തില്‍ സിപിഎം നേതൃത്വം മാറ്റം വരുത്തുന്നതും അപകടമാണെന്ന് കണ്ടാണ് സിപിഐയുടെ ഒരു മുഴം മുമ്പെയുള്ള പ്രതിരോധം.

ഭരണ തുടര്‍ച്ച
ബംഗാള്‍ കൈവിട്ട് പോയ സ്ഥിതിക്ക് കേരളത്തില്‍ ഭരണ തുടര്‍ച്ച സിപിഎമ്മിന് അനിവാര്യമാണ്. അതിനുവേണ്ടിയാണ് ലീഗിനെയും മാണിയെയും എല്‍ഡിഎഫിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

സിപിഐ വെല്ലുവിളിയല്ല
ഭരണം കൊണ്ടുപോകാന്‍ സിപിഎമ്മിന് സിപിഐയുടെ സഹായം അത്യാവശ്യമാണ്. എന്നാല്‍ കേരള കോണ്‍ഗ്രസിനേയോ മുസ്ലീം ലീഗിനേയോ സഹകരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ പിന്നെ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകില്ല.

ശക്തി
സിപിഐക്ക് സംസ്ഥാനത്ത് ഉള്ളതിനേക്കാള്‍ ശക്തി ലീഗിനും കേരള കോണ്‍ഗ്രസിനും സ്വന്തം നിലയ്ക്ക് ഉള്ളതിനാല്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പാകുമ്പോഴേക്കും സിപിഐയെ സിപിഎം അവഗണിക്കാനുള്ള സാധ്യതയും നേതൃത്വം മുന്നില്‍ കാണുന്നുണ്ട്.

രണ്ട് മുന്നണിയിലും
ആര്‍എസ്പി സംസ്ഥാന നേതൃത്വം യുഡിഎഫിലും അഖിലേന്ത്യാ നേതൃത്വം ഇടത് മുന്നണിയിലും തുടരുന്ന സാഹചര്യം ഭാവിയില്‍ സിപിഐയുടെ കാര്യത്തിലും ഉണ്ടാവാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ തള്ളി കളയുന്നില്ല.












Click it and Unblock the Notifications