ഉമ്മന്‍ചാണ്ടി പിജെ ജോസഫിനെ തുറുപ്പ് ചീട്ടാക്കുമോ? പിളരാന്‍ കാത്ത് കേരള കോണ്‍ഗ്രസ്?
തിരുവനന്തപുരം: യുഡിഎഫ് വിടാനുള്ള കെഎം മാണിയുടെ തീരുമാനത്തില്‍ പതറിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ഞായറാഴ്ച ജോസ് കെ മാണിയുടെ വസതിയില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലുണ്ടായ തീരുമാനം. മാണിയെ അനുനയിപ്പിക്കാന്‍ കുഞ്ഞാലികുട്ടിയെ രംഗത്തിറക്കിയിട്ടും മാണി തന്റെ നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ തയ്യാറായിട്ടില്ല.
യുഡിഎഫ് വിടണമെന്ന മാണി തീരുമാനത്തിനെതിരെ യുഡിഎഫ് വിടാതെ ബ്ലോക്കായി ഇരിക്കാം എന്ന തീരുമാനത്തിലെത്തിച്ചത് പിജെ ജോസഫാണ്. ഉമ്മന്‍ചാണ്ടിയാണ് ഇതിന് പിന്നിലെന്നാണ് സൂചന. ജോസഫ് നിലപാട് വീണ്ടും കടുപ്പിച്ചാല്‍ കേരള കോണ്‍ഗ്രസ് പിളരും. മാണി തന്റെ കടുംപിടുത്തം തുടര്‍ന്നാല്‍ ഉമ്മചാണ്ടിയുടെ കൈയ്യിലുള്ള തുറുപ്പു ഗുലാനായ പിജെ ജോസഫിനെ രംഗത്തിറക്കി കളിക്കാനാണ് ചാണ്ടിയുടെ തീരുമാനമെന്നാണ് സൂചന.

നേരത്തെ ബാര്‍ക്കോഴക്കേസില്‍ കോടതി പരാമര്‍ശം എതിരായപ്പോള്‍ മാണിക്കൊപ്പം പിജെ ജോസഫും രാജിവെക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് രാജിവെക്കേണ്ടെന്നും യുഡിഎഫിന്റെ പിന്തുണയുണ്ടെന്നും അറിയിച്ചത്.
അതുതൊണ്ട് തന്നെ ഉമ്മന്‍ചാണ്ടിയുടെ അവസാനത്തെ തുറുപ്പ് ചീട്ട് പിജെ ജോസഫ് തന്നെയായിരിക്കും. അതുമാത്രമല്ല, നിയമസഭ തിരഞ്ഞെടുപ്പില്‍ റെക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച വ്യക്തിയാണ് പിജെ ജോസഫ്. മലയോര, കുടിയേറ്റ കര്‍ഷകരുടേയും കത്തോലിക്ക സഭയുടേയും പൂര്‍ണ്ണ പിന്തുണയും അദ്ദേഹത്തിനുണ്ട്. മാണിക്ക് അത്രപെട്ടെന്നൊന്നും പിജെ ജോസഫിനെ തള്ളിക്കളയാനും കഴിയില്ല.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം അനുയായികളിലെ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് വിട്ട് ഇടത്പാളയത്തില്‍ പോയപ്പോഴും ജോസഫ് കേരള കോണ്‍ഗ്രസിലും യുഡിഎഫിലും ഉറച്ച് നില്‍ക്കുകയായിരുന്നു. സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ നിന്നും മാണിക്ക് ഓഫറുകളുണ്ട്. ബിജെപി കേന്ദ്ര സഹമന്ത്രി സ്ഥാനവും എല്‍ഡിഎഫ് ഘടകകക്ഷി സ്ഥാനവുമാണ് മാണിക്ക് നേരെ വച്ച് നീട്ടുന്നത്. എങ്കിലും കത്തോലിക്ക സഭയുടേയും മലയോര കര്‍ഷകരുടേയും പിന്തുണ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിച്ചാല്‍ മാണിക്ക് കനത്ത ആഘാതമാകും നല്‍കുക.












Click it and Unblock the Notifications