'ആയിരം തവണ പറഞ്ഞതാണ് അഴീക്കോട് വേണ്ട; തോൽക്കുമെന്ന്', ലീഗ് നേതൃത്വത്തിനെതിരെ കെഎം ഷാജി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചയായ മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ പരസ്യ വിഴുപ്പലക്ക്. പികെ കുഞ്ഞാലിക്കുട്ടിയെ ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ കടന്നാക്രമിക്കുകയായിരുന്നു. തന്നെ അഴീക്കോട് മണ്ഡലത്തില്‍ മത്സരിപ്പിച്ചതിനെതിരെ കെഎം ഷാജി യോഗത്തില്‍ ലീഗ് നേതൃത്വത്തിന് എതിരെ തുറന്നടിച്ചു. അഴീക്കോട് തോല്‍ക്കുമെന്ന് പറഞ്ഞിട്ടും മത്സരിപ്പിച്ചുവെന്നാണ് കെഎം ഷാജി ആരോപിച്ചത്.
അഴിക്കോട്ട് മത്സരിക്കാനില്ലെന്ന് ആയിരം തവണ പറഞ്ഞതാണ്. അഴീക്കോട്ടാണ് മത്സരിക്കുന്നത് എങ്കില്‍ താന്‍ തോല്‍ക്കുമെന്നും നേതൃത്വത്തെ ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും അഴിക്കോട് മണ്ഡലത്തില്‍ തന്നെ മത്സരിക്കാന്‍ ലീഗ് നേതൃത്വം തന്നെ നിര്‍ബന്ധിച്ചുവെന്ന് കെഎം ഷാജി യോഗത്തില്‍ കുറ്റപ്പെടുത്തി. കോഴ ആരോപണം കെഎം ഷാജിക്കെതിരെ മണ്ഡലത്തില്‍ വലിയ പ്രചാരണ വിഷയമായി സിപിഎം ഉപയോഗിച്ചിരുന്നു. സിപിഎമ്മിന്റെ കെവി സുമേഷിനോടാണ് അഴീക്കോട് മണ്ഡലത്തില്‍ കെഎം ഷാജി തോറ്റത്.

കെഎം ഷാജിക്ക് ഇത്തവണ സുരക്ഷിതമായ ഒരു മണ്ഡലം നല്‍കണമായിരുന്നുവെന്ന് ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സിറ്റിംഗ് സീറ്റായ അഴീക്കോട് കെഎം ഷാജി തോറ്റത് പാര്‍ട്ടിക്ക് വന്‍ ക്ഷീണമായതായും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. എട്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണം എന്നുളള ആവശ്യം നേതാക്കള്‍ ശക്തമായി ഉന്നയിച്ചു. കോണ്‍ഗ്രസിന്റെ പാതയില്‍ ലീഗും മാറ്റത്തിന് തയ്യാറാകണം എന്നാണ് ആവശ്യം ഉയര്‍ന്നത്.
ഏതാനും നേതാക്കള്‍ ചേര്‍ന്ന് മാത്രം തീരുമാനമെടുക്കുന്ന രീതി മാറണം. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് തിരിച്ച് വന്നതിനും തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനും എതിരെ വിമര്‍ശനം ഉയര്‍ന്നു. അഞ്ച് വര്‍ഷത്തിനിടെ നാല് തവണയാണ് കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തത്. അത് അപഹാസ്യമായിരുന്നു. ജയിച്ചാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാവും എന്നതടക്കം ഇടതുപക്ഷം നടത്തിയ പ്രചാരണത്തെ ചെറുക്കാന്‍ സാധിച്ചില്ലെന്നും എല്‍ഡിഎഫ് ഒരുക്കിയ കെണി തിരിച്ചറിയാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.












Click it and Unblock the Notifications