'ഗോവിന്ദന്‍ എന്ന പാര്‍ട്ടി സെക്രട്ടറി പറഞ്ഞു, അനുസരിച്ചില്ലെങ്കിൽ', ലൈവിലെത്തി സ്വപ്ന സുരേഷിന്റെ ആരോപണം

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ താനുമായി ഒത്തുതീർപ്പിന് ശ്രമം നടന്നു എന്നുളള ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് രംഗത്ത്. കണ്ണൂർ സ്വദേശിയായ വിജയ് പിളള എന്നയാൾ ബെംഗളൂരുവിൽ വെച്ചാണ് താനുമായി ഒത്തുതീർപ്പ് സംസാരിച്ചത് എന്ന് സ്വപ്ന സുരേഷ് പറയുന്നു. ഫേസ്ബുക്ക് ലൈവിലെത്തിയാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് എതിരെയും സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചിട്ടുണ്ട്.
സ്വപ്ന സുരേഷിന്റെ വാക്കുകൾ: '' സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയാണ് എന്നാണ് താന്‍ അറിയപ്പെടുന്നത്. ഒരു ബന്ധവും ഇതിലൊന്നും ഇല്ലാതിരുന്നിട്ടും താന്‍ ഇതിലേക്ക് എല്ലാം വലിച്ചിഴക്കപ്പെട്ടു. മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും മകളുടേയും മകന്റെയും പല ആവശ്യങ്ങള്‍ക്കും തന്നെ ചൂഷണം ചെയ്തു. ശിവശങ്കറും രവീന്ദ്രനും എല്ലാം തന്നെ ഉപയോഗിച്ച് കൊണ്ട് എല്ലാം തന്റെ തലയില്‍ വെക്കാനായി ജയിലില്‍ അടച്ചു. തിരിച്ച് വന്നതോടെ താന്‍ സത്യം പറയാന്‍ തുടങ്ങി''.
''ശിവശങ്കറിന്റെ തനിനിറം അറിഞ്ഞതോടെയാണ് എല്ലാം തുറന്ന് പറയാന്‍ ആരംഭിച്ചത്. മൂന്ന് ദിവസം മുന്‍പ് ഒരു അജ്ഞാത ഫോണ്‍ കോള്‍ തനിക്ക് ലഭിച്ചു. വിജയ് പിള്ള എന്ന കണ്ണൂരിലുളള വ്യക്തിയാണ് വിളിച്ചത്. അഭിമുഖം എടുക്കാന്‍ ബാംഗ്ലൂര്‍ വരണം എന്ന് പറഞ്ഞാണ് വിളിച്ചത്. താന്‍ മക്കളുമൊപ്പം ബെംഗളൂരുവിലുളള ഹോട്ടലിലേക്ക് പോയി ലോബിയില്‍ ഇരുന്ന് സംസാരിച്ചു. അതൊരു ഒത്തുതീര്‍പ്പ് ശ്രമം ആയിരുന്നു''.
''ഒരാഴ്ചത്തെ സമയം തരാം, മക്കളെയും കൊണ്ട് സ്ഥലം വിടാന്‍. ഹരിയാനയിലോ ജയ്പൂരിലേക്കോ മാറണം. അവിടെ വേണ്ട എല്ലാ സഹായവും തരും. ഫ്‌ളാറ്റ് എടുത്ത് തരാം. മുഖ്യമന്ത്രിയുടേയും വീണയുടേയും കമല മാഡത്തിന്റെയും അടക്കമുളള വിവരങ്ങള്‍ എല്ലാം അവര്‍ക്ക് കൊടുക്കുക. അവര്‍ അത് നശിപ്പിച്ച് കൊള്ളും.. ഗോവിന്ദന്‍ എന്ന പാര്‍ട്ടി സെക്രട്ടറി പറഞ്ഞു, അനുസരിച്ചില്ലെങ്കില്‍ അവര്‍ ഒരുകാരണവശാലും ഒത്തുതീര്‍പ്പിന് ഇനി വരില്ല, പക്ഷേ ആയുസ്സിന് ദോഷം വരും''.
''മുഖ്യമന്ത്രിക്കെതിരെയും മകള്‍ക്ക് എതിരെയും യൂസഫലിക്ക് എതിരെയും സംസാരിക്കുന്നത് നിര്‍ത്തി ജനത്തോട് ക്ഷമ ചോദിച്ച് താന്‍ കളളം പറഞ്ഞതാണ് എന്ന് ഏറ്റ് പറഞ്ഞ് കൊണ്ട് ഇവിടെ നിന്ന് മുങ്ങുക. ഒരു മാസത്തിനകം മലേഷ്യയിലേക്കോ യുകെയിലേക്കോ പോകാനുളള ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ടും വിസയും റെഡിയാക്കി തരാം. പിന്നെ ഒരിക്കലും സ്വപ്‌ന സുരേഷ് എന്ന വ്യക്തി ജീവനോടെ ഉണ്ടോ എന്ന് പോലും ആരും അറിയാന്‍ പാടില്ല'' എന്ന് പറഞ്ഞതായും സ്വപ്ന സുരേഷ് ആരോപിച്ചു.












Click it and Unblock the Notifications