കൊച്ചി മേയർ സൗമിനി ജെയിന്റെ വാഹനം അടിച്ചുതകർത്തു! ഉമ്മൻചാണ്ടി മേയറുടെ വീട്ടിലെത്തി...
രവിപുരത്തെ മേയറുടെ വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിന്റെ പിൻവശത്തെ ചില്ലുകളാണ് അക്രമികൾ അടിച്ചുതകർത്തത്.
കൊച്ചി: മേയർ സൗമിനി ജയിന്റെ സ്വകാര്യ വാഹനം അജ്ഞാതർ അടിച്ചുതകർത്തു. മേയറുടെ രവിപുരത്തെ വീടിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ലുകളാണ് അടിച്ചുതകർത്തത്. കഴിഞ്ഞദിവസം രാത്രി ഏഴര മണിയോടെയാണ് ആക്രമണമുണ്ടായത്.
രവിപുരത്തെ മേയറുടെ വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിന്റെ പിൻവശത്തെ ചില്ലുകളാണ് അക്രമികൾ അടിച്ചുതകർത്തത്. ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചാണ് ചില്ലുകൾ തകർത്തത്. സംഭവസമയത്ത് മേയറും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നില്ല.

രാത്രി വൈകി വീട്ടിലെത്തിയപ്പോളാണ് വാഹനം തകർത്തത് കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ എറണാകുളം സൗത്ത് പോലീസ് മേയറുടെ വീട്ടിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അക്രമികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല.
രവിപുരം ഭാഗത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പോലീസിന്റെ അടുത്തനീക്കം. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് എറണാകുളത്തുണ്ടായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മേയറുടെ വീട്ടിലെത്തി. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്നും, അക്രമികളെ ഉടൻപിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications