കൊച്ചി മെട്രോ രണ്ടാംഘട്ടം; 11.2 കിലോമീറ്റർ ദൈർഘ്യമുള്ള പാത, 11 സ്‌റ്റേഷനുകൾ, കരാറിനായി 3 കമ്പനികൾ രംഗത്ത്
കൊച്ചി: നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴിലുള്ള തേർഡ് റെയിൽ ട്രാക്ഷൻ ഇലക്ട്രിഫിക്കേഷൻ സിസ്‌റ്റത്തിന്റെയും അനുബന്ധ ജോലികളുടെയും രൂപകൽപ്പന, വിതരണം, ഇൻസ്‌റ്റാളേഷൻ, പരിശോധന, കമ്മീഷൻ ചെയ്യൽ എന്നിവ ഉൾപ്പെടുന്ന കരാറിനായി ബിഡ് സമർപ്പിച്ച കമ്പനികളുടെ പട്ടിക കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പുറത്തുവിട്ടു.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിൽ പിങ്ക് ലൈൻ എന്നറിയപ്പെടുന്ന ഒറ്റ ഇടനാഴിയാണ് ഉൾപ്പെടുന്നത്. ഇതാവട്ടെ 11.2 കിലോമീറ്റർ ദൈർഘ്യമുള്ളതും നഗരത്തിലെ തന്നെ ഏറ്റവും തിരക്കേറിയ മേഖലകളിൽ ഒന്നായ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തെ ഐടി ഹബ്ബായ ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്ക് ബന്ധിപ്പിക്കുന്നതുമാണ്. പ്രസ്‌തുത റൂട്ടിൽ ആകെ 11 സ്‌റ്റേഷനുകൾ ഉൾക്കൊള്ളുന്നു എന്നാണ് കെഎംആർഎൽ അറിയിച്ചത്.

AI Image
കരാറിന്റെ വിശദാംശങ്ങൾ
കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായുള്ള ട്രാക്ഷൻ സബ്‌സ്‌റ്റേഷനുകൾ, ഓക്‌സിലറി സബ്‌സ്‌റ്റേഷനുകൾ, അസോസിയേറ്റഡ് സ്‌കാഡ സിസ്‌റ്റങ്ങൾ എന്നിവയുൾപ്പെടെ 750V DC തേർഡ് റെയിൽ ട്രാക്ഷൻ ഇലക്ട്രിഫിക്കേഷന്റെ ഡിസൈൻ വെരിഫിക്കേഷൻ, ഡീറ്റെയിൽ എഞ്ചിനീയറിംഗ്, സപ്ലൈ, ഇൻസ്‌റ്റാളേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ എന്നിവയുടെ ഉത്തരവാദിത്തം തിരഞ്ഞെടുക്കപ്പെട്ട കരാർ കമ്പനിക്കായിരിക്കും.
പിങ്ക് ലൈനിന്റെ നിർമ്മാണം അഫ്കോൺസ് ഇൻഫ്രാസ്ട്രക്ച്ചർ ആണ് നടത്തുന്നത്, ഇതിനായി ഏകദേശം ₹1,141.32 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇടനാഴി (ജെഎൽഎൻ സ്‌റ്റേഡിയം - ഇൻഫോപാർക്ക് II) ജനസാന്ദ്രതയുള്ള നഗരപ്രദേശങ്ങളിലൂടെ കടന്നുപോകുന്നതിനാൽ, ഒരു ഓവർഹെഡ് കാറ്റനറി സിസ്‌റ്റം (ഒസിഎസ്) സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
കൊച്ചി മെട്രോ പിങ്ക് ലൈൻ
കൊച്ചി മെട്രോയുടെ ആദ്യ ഘട്ടമായ ബ്ലൂ ലൈൻ ആലുവ മുതൽ തൃപ്പൂണിത്തറ വരെയുള്ള 28.125 കിലോമീറ്ററാണ്. പ്രതിമാസ യാത്രക്കാരുടെ എണ്ണം 50 ലക്ഷമായി ഉയർത്താമെന്ന പ്രതീക്ഷയിലാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പിങ്ക് ലൈൻ നടപടികൾ വേഗത്തിൽ ആക്കുന്നത്. ആലുവ മുതൽ തൃപ്പൂണിത്തറ വരെയുള്ള ആദ്യഘട്ട റൂട്ട് പ്രതിമാസം ശരാശരി 30 ലക്ഷം യാത്രക്കാർ ഉപയോഗിക്കുന്നു എന്നതിനാൽ തന്നെ പിങ്ക് ലൈൻ കൂടി വരുന്നതോടെ 5 ദശലക്ഷം എന്ന കണക്ക് അപ്രാപ്യമല്ലെന്നാണ് വിലയിരുത്തൽ.
പിങ്ക് ലൈൻ 2026 ഡിസംബറോടെ പൂർണമായും പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടമായി അഞ്ച് സ്‌റ്റേഷനുകൾ അടുത്ത വർഷം ജൂണിൽ തുറക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. അതിൽ തന്നെ യാത്രക്കാരുടെ എണ്ണത്തിൽ ഒരു ധാരണ ലഭിക്കുമെന്നാണ് കരുതുന്നത്. ശേഷം ശേഷിക്കുന്ന ആറ് സ്‌റ്റേഷനുകളുടെ ജോലി കൂടി പൂർത്തിയാക്കും.
നിലവിൽ രണ്ടാംഘട്ടത്തിന്റെ പ്രാരംഭ നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 24ന് ഇൻഫോപാർക്ക് എക്‌സ്പ്രസ് വേയിൽ തൂണുകൾക്ക് മുകളിൽ ആദ്യത്തെ യു ഗാർഡർ സ്ഥാപിച്ചിരുന്നു. ഇത് നിർമ്മാണ പ്രവർത്തികളുടെ വേഗത സൂചിപ്പിക്കുന്നു. ഇതുവരെ 65 തൂണുകൾ നിർമ്മിക്കുകയും വയഡക്റ്റുകൾക്കും സ്‌റ്റേഷനുകൾക്കുമായി ആയിരത്തിലധികം പൈലുകൾ നടത്തുകയും ചെയ്‌തു.












Click it and Unblock the Notifications