'വിവാഹ ഫോട്ടോ ഷൂട്ട് ഇനി കൊച്ചി മെട്രോയിലാക്കാം'; 'വെറൈറ്റി ലൊക്കേഷന്' വാടക 5000 മുതൽ
കൊച്ചി; വിവാഹ ഫോട്ടോകൾക്കും മുൻപേ വൈറലാകുന്ന 'സേവ് ദി ഡേറ്റ്' ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി എന്ത് റിസ്കെടുക്കാനും ആളുകൾ തയ്യാറാണ്. 'വൈറൈറ്റി'ക്ക് തന്നെയാണ് ഇവിടേയും ഡിമാന്റ്, പ്രത്യേകിച്ച് ലൊക്കേഷനുകളുടെ കാര്യത്തിൽ എന്നാൽ വൻ വെറൈറ്റിയായൊരു സ്ഥലമുണ്ടെന്നാണ് ഇപ്പോൾ കൊച്ചി മെട്രോ പറയുന്നത്, മറ്റെവിടെയുമല്ല, മെട്രോ ട്രെയിൻ തന്നെ. മെട്രോ ട്രെയിനോ എന്ന് അന്തിച്ച് നിൽക്കേണ്ട, വാടക കൊടുക്കാൻ തയ്യാറാണോ? ട്രെയിൻ അങ്ങട് വിട്ട് തരും എന്നാണ് കൊച്ചി മെട്രോ അധികൃതർ പറയുന്നത്.
ഇതാദ്യമായാണ് രാജ്യത്ത് ഒരു മെട്രോ കോർപറേഷൻ ഇത്തരത്തിൽ വിവാഹ ഫോട്ടോഷൂട്ടുകൾക്ക് ട്രെയിൻ അനുവദിക്കുന്നത്. കൊച്ചി മെട്രോയെ ലാഭത്തിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു മെട്രോ ട്രെയിനുകളും സ്റ്റേഷനുകളും വാടകയ്ക്ക് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകളിലും സഞ്ചരിക്കുന്ന ട്രെയിനുകളിലും ഫോട്ടോ ഷൂട്ട് നടത്താൻ നൽകും. ഒരു കോച്ചായോ മൂന്നു കോച്ചുകളായോ ബുക്ക് ചെയ്യാം. നിശ്ചലമായ ട്രെയിനിൽ ഒരു കോച്ച് രണ്ട് മണിക്കൂർ നേരത്തേക്ക് ബുക്ക് ചെയ്യാൻ 5000 രൂപയാണ് നൽകേണ്ടത്.അതേസമയം ഡെപ്പോസിറ്റായി പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. മൂന്ന് കോച്ചിന് രണ്ട് മണിക്കൂർ നേരത്തേക്ക് 12,000 രൂപയാണ്. ഇതിനായി 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടത്.
ഇതിനോടകം തന്നെ നിരവധി പേർ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി മെട്രോ ഡിജിഎം കെ പ്രദീപ് പറഞ്ഞു. ഇവന്റ് മാനേജ്മെന്റ് കമ്പനികളും ചില വ്യക്തികളുമാണ് വിളിച്ചത്. ആദ്യം അവസരം ലഭിക്കുന്നത് ആർക്കായിരിക്കും എന്ന് ഇപ്പോൾ പറയാൻ ആയിട്ടില്ല. ഇത് സംബന്ധിച്ച് ചർച്ച നടക്കുകയാണ്. തീയതികൾ തമ്മിൽ ക്ലാഷ് ആവരുതല്ലോ. ഉടൻ തന്നെ ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും, അദ്ദേഹം പറഞ്ഞു.
വിവാഹ ഫോട്ടോഷൂട്ടുകൾ കൊണ്ട് ഈ പദ്ധതി അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രദീപ് വ്യക്തമാക്കി. ഇതിനോടകം തന്നെ നിരവധി പ്രൊജക്ടറ്റുകൾക്ക് വകുപ്പ് തലത്തിൽ അനുമതിയായിട്ടുണ്ട്. വിവാഹ ഫോട്ടോഷൂട്ടിന് പുറമെ വൈകാതെ തന്നെ പിറന്നാൾ പോലെയുള്ള ആഘോഷങ്ങൾക്ക് ഉൾപ്പെടെ ട്രെയിൻ വിട്ട് നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും, അദ്ദേഹം പറഞ്ഞു.
നേരത്തേ തന്നെ സിനിമാ പരസ്യ ഷൂട്ടുകൾക്ക് മെട്രോ കോച്ചുകൾ വിട്ട് നൽകിയിരുന്നു.
എന്നാൽ ഇതിനേക്കാൾ തുക കുറച്ചാണ് വിവാഹ ഫോട്ടോഷൂട്ടിന് ട്രെയിൻ നൽകുന്നത്, കൊച്ചി മെട്രോ പി ആർ ഒ ജയകുമാർ പറഞ്ഞു. സാധാരണക്കാർക്ക് കൂടി അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണിത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സിനിമാ-പരസ്യ ഷൂട്ടുകളിൽ നിന്നുള്ള വരുമാനം കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ പഴയ നിലയിലേക്ക് എത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.