മാളില്‍ അപമാനിക്കപ്പെട്ട സംഭവം; പ്രതികളോട് ക്ഷമിച്ചതായി നടി, പൊലീസിനും മാധ്യമങ്ങള്‍ക്കും നന്ദി
കൊച്ചി: കൊച്ചിയിലെ മാളില്‍ വെച്ച് അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടിയുടെ പ്രതികരണം. സംഭവത്തില്‍ തനിക്കൊപ്പം നിന്ന പൊലീസിനും മാധ്യമങ്ങള്‍ക്കും നന്ദി പറയുന്നതായും നടി ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ നടിയെ അപമാനിച്ച പ്രതികളെ കളമശ്ശേരി പൊലീസ് ഞായറാഴ്ച രാത്രിയോടെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കീഴടങ്ങാന്‍ ശ്രമിക്കുന്നതിനിടെ കുസാറ്റ് ജങ്ഷനില്‍ വെച്ച് കേസിലെ പ്രതികളായ പെരിന്തൽമണ്ണ സ്വദേശികളായ റംഷാദ്, ആദിൽ എന്നിവരെ പൊലീസ് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ പ്രതികളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കീഴടങ്ങുന്നതാണ് നല്ലതെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതികള്‍ കീഴടങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
പൊലീസില്‍ കീഴടങ്ങാള്‍ വ്യക്തമാണെന്ന് ഇന്ന് രാവിലെ പ്രതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.
തങ്ങള്‍ അറിഞ്ഞുകൊണ്ട് നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മാപ്പ് പറയാന്‍ തയ്യാറാണെന്നുമായിരുന്നു പ്രതികളുടെ വാദം. മാളില്‍ വെച്ചാണ് നടിയെ കണ്ടതെന്നും അത് നടിയാണോ എന്നുറപ്പുണ്ടായിരുന്നില്ല. മറ്റൊരു സംഘം എത്തി യുവതിയോടൊപ്പം ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത് അപ്പോള്‍ അവരുടെ അടുത്ത് പോയി സംസാരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് പ്രതികളുടെ ന്യായീകരണം. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയപ്പോള്‍ അപമാനിക്കപ്പെട്ടെന്നാണ് നടി പറഞ്ഞത്.