സ്വപ്‌ന പദ്ധതിക്ക് അന്ത്യമാകുന്നു..? സ്മാര്‍ട്ട് സിറ്റിക്കായി ടീകോമിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കും
തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീ കോം പിന്‍മാറുന്നു. ടീ കോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി 246 ഏക്കര്‍ ഭൂമിയായിരുന്നു സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയിരുന്നത്. സംസ്ഥാന സര്‍ക്കാരും ദുബായ് കമ്പനിയും പരസ്പര ധാരണയോടെ പിന്‍മാറ്റം നയം രൂപീകരിക്കും.
ടീ കോമിന് നല്‍കേണ്ട നഷ്ടപരിഹാര തുക നിശ്ചയിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശുപാര്‍ശ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെ നയ തീരുമാനം എടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി രൂപീകരിച്ചിട്ടുണ്ട്. നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് സ്വതന്ത്ര ഇവാല്യുവേറ്റര്‍മാരെ നിയോഗിക്കാനാണ് തീരുമാനം.

ഇതുസംബന്ധിച്ച ശിപാര്‍ശ സമര്‍പ്പിക്കുന്നതിന് ഐടി മിഷന്‍ ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് സി ഇ ഒ, ഒ കെ ഐ എച്ച് (ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ്) എം ഡി ഡോ ബാജൂ ജോര്‍ജ്ജ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം തിരിച്ചെടുക്കുന്ന ഭൂമി മറ്റ് വികസനാവശ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ അറിയിച്ചു.
കേരളത്തില്‍ ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയ പദ്ധതിയാണ് ഇല്ലാതാകുന്നത്. 2004-06 കാലത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സ്മാര്‍ട്ട് സിറ്റി എന്ന പദ്ധതി ആദ്യം മുന്നോട്ട് വെക്കപ്പെടുന്നത്. അന്ന് പ്രതിപക്ഷം റിയല്‍ എസ്റ്റേറ്റ് കച്ചവടം എന്ന് ആരോപിച്ചിരുന്നു. പിന്നീട് 2006 ല്‍ അധികാരത്തില്‍ വന്ന വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ ഡി എഫ് സര്‍ക്കാരും പദ്ധതിയുമായി മുന്നോട്ട് പോയി.
വിഎസ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് വേണ്ടി ടീകോമുമായി കരാര്‍ ഒപ്പുവെക്കുന്നത്. പത്ത് വര്‍ഷം കൊണ്ട് 90,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇതുവരെ എണ്ണായിരത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കാനായത്. പദ്ധതിയില്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം പതിനാറ് ശതമാനമായിരുന്നു. മുതല്‍മുടക്കിന്റെ ബാക്കി 84 ശതമാനം ടീ കോം നല്‍കും എന്നായിരുന്നു വ്യവസ്ഥ.
2007 നവംബര്‍ 15-നാണ് പാട്ടക്കാരാറില്‍ ടീ കോം അധികൃതരുമായി സര്‍ക്കാര്‍ ഒപ്പു വെക്കുന്നത്. 2007 നവംബര്‍ 16-ന് തറക്കല്ലിട്ട പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം 2016 ഫെബ്രുവരി 20 ന് കൊച്ചിയില്‍ നടന്നിരുന്നു.












Click it and Unblock the Notifications