ബിജെപി കൗണ്‍സിലറുടെയും പിതാവിന്റെയും അപകടമരണം; പ്രതി പിടിയില്‍
കൊല്ലം: കൊല്ലം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലര്‍ കോകില എസ് കുമാറും പിതാവ് എസ് സുനില്‍ കുമാറും കൊല്ലപ്പെടാനിടയായത് മദ്യപാന സംഘത്തിന്റെ അപകടകരമായ കാറോട്ടമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രി പ്രദേശത്തെ ഒരു റെസിഡന്‍സ് അസോസിയേഷന്റെ ഓണം ആഘോഷം കഴിഞ്ഞ് കോകില അച്ഛന്റെയൊപ്പം മടങ്ങിവരവെ കൊല്ലം ശക്തികുളങ്ങരയ്ക്ക് സമീപം ആല്‍ത്തറമൂട്ടില്‍ വെച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിനുശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ പിടിയിലായിട്ടുണ്ട്. കൊല്ലം മരുത്തടി സ്വദേശി അഖിലാണ് അറസ്റ്റിലായത്. അമിതവേഗതയിലെത്തിയ കാര്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ അകലേക്ക് തെറിച്ചതിനാല്‍ കോകില അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പിതാവ് സുനില്‍ കുമാര്‍ പിന്നീട് ആശുപത്രിയില്‍വെച്ചാണ് മരിക്കുന്നത്.

സംഭവത്തിനുശേഷം പോലീസ് അന്വേഷണത്തിനിടെ കാര്‍ ശക്തികുളങ്ങരയ്ക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്നംഗ സംഘമാണ് കാറില്‍ യാത്ര ചെയ്തിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. മദ്യലഹരിയിലായിരുന്നു കാറിലുണ്ടായിരുന്നവരെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
സ്‌കൂട്ടറിന് പിന്നാലെ മറ്റു വാഹനങ്ങള്‍ക്കും ഉരസിയാണ് കാര്‍ യാത്രക്കാര്‍ പ്രദേശത്തുനിന്നും രക്ഷപ്പെട്ടത്. കൊല്ലം തേവള്ളി ഡിവിഷന്‍ കൗണ്‍സിലറാണ് കോകില. എബിവിപിയിലൂടെ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച ഇത്തവണ ആദ്യമായിട്ടാണ് കോകില തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.












Click it and Unblock the Notifications