കൊല്ലത്ത് ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; വനിതാ എസ്ഐക്കെതിരെ നടപടി...
പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ സ്ഥലം എസ്ഐയുടെ ഭാഗത്ത് നിന്നും കനത്ത വീഴ്ചയുണ്ടായെന്ന് നാട്ടുകാരും ബന്ധുക്കളും കഴിഞ്ഞദിവസം ആരോപണമുന്നയിച്ചിരുന്നു.
കൊല്ലം: അഞ്ചൽ ഏരൂരിൽ പെൺകുട്ടി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്ഐക്കെതിരെ നടപടി. ഏരൂർ എസ്ഐ ലിസിയെ ചുമതലകളിൽ നിന്ന് മാറ്റിനിർത്താനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിരിക്കുന്നത്.
പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ സ്ഥലം എസ്ഐയുടെ ഭാഗത്ത് നിന്നും കനത്ത വീഴ്ചയുണ്ടായെന്ന് നാട്ടുകാരും ബന്ധുക്കളും കഴിഞ്ഞദിവസം ആരോപണമുന്നയിച്ചിരുന്നു. കുട്ടിയെ കാണാതായ വിവരം അറിയിച്ചെങ്കിലും, എസ്ഐ ലിസി പരാതി ഗൗരവമായി കണ്ടില്ലെന്നും, നടപടികൾ സ്വീകരിച്ചില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. സംഭവദിവസം ലിസി അന്വേഷണത്തിൽ സഹകരിക്കാതെ ലീവെടുത്ത് വീട്ടിൽ പോയെന്നും ആരോപണമുണ്ടായി.

ഏരൂർ എസ്ഐക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് അവരെ ചുമതലകളിൽ നിന്ന് മാറ്റിനിർത്താൻ ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകിയത്. ലിസിക്ക് പകരം എസ്എച്ച്ഒയായി ഗോപകുമാറാണ് ചുമതലയേറ്റിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ട്യൂഷൻ ക്ലാസിലേക്ക് പോയ ഏഴു വയസുകാരിയെ കാണാതായത്. തുടർന്ന് കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ കുളത്തുപുഴ ആർപി കോളനിയിലെ റബർ ഷെഡിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ സഹോദരീ ഭർത്താവ് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്യൂഷൻ ക്ലാസിൽ കൊണ്ടുപോകാതെ കുട്ടിയെ റബർ എസ്റ്റേറ്റിലെത്തിച്ച രാജേഷ്, മാനഭംഗപ്പെടുത്തിയ ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications