അഭിഗേലിനെ തിരഞ്ഞ് ഉറങ്ങാതെ കേരളം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത്
കൊല്ലം: കൊല്ലം ഓയൂരില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട ആറു വയസ്സുകാരി അഭിഗേല്‍ സാറയ്ക്കുള്ള അന്വേഷണം ശക്തമായ തുടരുന്നു. കൊല്ലം ജില്ലകളിലും സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളിലും പൊലീസ് പരിശോധനകള്‍ രാത്രി മുഴുവന്‍ തുടരുകയാണ്. എല്ലാ തെളിവുകളും ചേർത്തു വെച്ചുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിഐജി പറഞ്ഞു. കുട്ടിയെ ഇതുവരെ ലൊക്കേറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. സ്വിഫ്റ്റ് കാറില്‍ തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസിന് പുറമെ നാട്ടുകാരും യുവജന സംഘടനകളും ഉള്‍പ്രദേശങ്ങളിലും വന മേഖലകളിലും വ്യാപക പരിശോധന നടത്തി. സംഭവത്തില്‍ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് ഊര്‍ജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പൊലീസ് രേഖാ ചിത്രം തയ്യാറാക്കിയത്. ഇയാള്‍ക്കൊപ്പമുള്ള സ്ത്രീയാണ് പെണ്‍കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടതെന്നാണ് സംശയിക്കുന്നത്.
മോചന ദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്കായിരുന്നു വിളി വന്നത്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും തിരികെ തരണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്നുമാണ് വിളിച്ചവർ ആവശ്യപ്പെട്ടത്. കുട്ടിയുടെ ബന്ധുവാണ് ഫോണെടുത്തത്. ഒരു സ്ത്രീയാണ് സംസാരിച്ചതെന്ന് ഇയാൾ പറഞ്ഞു. ഈ കോള്‍ പിന്തുടർന്നുള്ള അന്വേഷണമാണ് പാരിപ്പള്ളിയിലെ കടയിലേക്ക് എത്തിച്ചത്. കടയുടമയുടെ ഫോണ്‍ വാങ്ങിച്ച് പ്രതികള്‍ വിളിക്കുകയായിരുന്നു.
ഇന്നലെ വൈകീട്ട് വൈകിട്ട് 4.45ന് വീട്ടിന്‍റെ പരിസരത്തുവച്ചാണ് കുട്ടിയെ കടത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കാറില്‍ സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ ഉണ്ടായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ സഹോദരന്‍ വ്യക്തമാക്കുന്നത്. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് കാണാതായത്. സഹോദരന്‍ ജൊനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം.
മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. കാർ സമീപത്തായി നിർത്തിയതിന് ശേഷം ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ ചോദിച്ചു. ഈ സമയം പെണ്‍കുട്ടിയേ കാറിലേക്ക് വിലിച്ചിഴച്ച് കൊണ്ടുപോയെന്നും സഹോദരന്‍ പൊലീസിനോട് പറഞ്ഞു.
വിവരം കിട്ടിയാല്‍ അറിയിക്കുക: 9946 92 32 82, 9495 57 89 99.












Click it and Unblock the Notifications