മീശ വടിച്ചും താടി വെച്ചും വേഷം മാറി ജോളിക്ക് പിറകെ, രഹസ്യ നീക്കം, പോലീസിന് ഗുഡ് സര്‍വീസ് എന്‍ട്രി!
വടകര: കൂടത്തായി കൊലപാതക പരമ്പര പോലൊരു കേസ് തന്റെ സര്‍വ്വീസില്‍ ഉണ്ടായിട്ടില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കെജി സൈമണ്‍ അഭിപ്രായപ്പെട്ടത്. വര്‍ഷങ്ങളുടെ പഴക്കമുളള കേസിന്റെ അന്വേഷണം പോലീസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ജോളി പല കാലങ്ങളിലായി അതിവിദഗ്ധമായി നടത്തിയ കൊലപാതകങ്ങള്‍ക്കാണ് പോലീസിന് തെളിവ് കണ്ടെത്തേണ്ടിയിരുന്നത്.
ജോളിയെ നിയമത്തിന് മുന്നിലെത്തിക്കാന്‍ പോലീസിന് പല വേഷങ്ങളും കെട്ടേണ്ടി വന്നിട്ടുണ്ട്. വേഷം മാറിയും ഭാഷ മാറ്റിയുമെല്ലാം സിനിമ സ്റ്റൈലില്‍ ആയിരുന്നു രണ്ട് മാസത്തോളം നീണ്ട പോലീസ് അന്വേഷണം. ആത്മഹത്യയെന്നും സ്വാഭാവിക മരണമെന്നും കരുതിയ സംഭവങ്ങളുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്പി ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയിരിക്കുകയാണ്.

കേരളം ഞെട്ടിയ കഥകൾ
2002ല്‍ പൊന്നാമറ്റം വീട്ടിലെ ടോം തോമസിന്റെ മരണം മുതല്‍ 2016ല്‍ സിലിയുടെ മരണം വരെയുളളവയില്‍ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സ്വത്തുമായി ബന്ധപ്പെട്ട് ടോം തോമസിന്റെ മകന്‍ റോജോയ്ക്ക് തോന്നിയ ചില സംശയങ്ങളാണ് പരാതിയായി പോലീസിന് മുന്നിലെത്തിയത്. തുടര്‍ന്നങ്ങോട്ട് കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത ഞെട്ടിക്കുന്ന കഥകള്‍ കൂടത്തായിയില്‍ നിന്ന് പുറത്ത് വന്നു.

രണ്ട് മാസം രഹസ്യാന്വേഷണം
എസ്‌ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് രണ്ട് മാസത്തോളം പോലീസ് ജോളിക്ക് പിറകേ രഹസ്യാന്വേഷണവുമായി നടന്നത്. റൂറല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മയിലിന്റെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. എന്‍ഐടിയില്‍ അധ്യാപികയാണ് എന്ന് ജോളി പറഞ്ഞത് നുണയാണ് എന്ന കണ്ടെത്തലായിരുന്നു അന്വേഷണഘട്ടങ്ങളിലെ നിര്‍ണായക വഴിത്തിരിവായത്.

രഹസ്യമായി പിന്തുടർന്നു
തുടര്‍ന്ന് പോലീസ് ജോളിയേയും ജോളിയുടെ നീക്കങ്ങളെയും രഹസ്യമായി പിന്തുടര്‍ന്നു. പൊന്നാമറ്റം വീടിന് സമീപത്ത് രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചു. ആരൊക്കെ വീട്ടിലേക്ക് വരുന്നുണ്ടെന്നും പോകുന്നുണ്ടെന്നും നിരീക്ഷിച്ചു. 6 മരണങ്ങള്‍ നടന്നപ്പോഴും എല്ലായിടത്തും ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി പോലീസ് മനസ്സിലാക്കി. കൂടത്തായിയില്‍ മാത്രമല്ല ജോളിയുടെ നാടായ കട്ടപ്പനയിലും പോലീസ് രഹസ്യാന്വേഷണം നടത്തി.

മീശ വെച്ചും താടി വടിച്ചും
ദിവസങ്ങളോളം പോലീസുകാര്‍ വേഷം മാറി കട്ടപ്പനയിലും കൂടത്തായിയിലും പുലിക്കയത്തും എന്‍ഐടിയിലും കറങ്ങി നടന്ന് അന്വേഷണം നടത്തി. ഈ മേഖലകളിലെ നാട്ടുകാര്‍ക്ക് പരിചയം ഇല്ലാത്ത ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. മീശ വെച്ചും താടി വടിച്ചുമെല്ലാം പല വേഷത്തിലായിരുന്നു അന്വേഷണം നീക്കിയത്. മാത്രമല്ല ഭാഷയിലും പോലീസുകാര്‍ മുന്‍കരുതലെടുത്തു.

ഭാഷയും പഠിച്ചു
കട്ടപ്പനയില്‍ അന്വേഷണത്തിന് വേഷം മാറിപ്പോകുന്ന മലബാറുകാരായ പോലീസുകാര്‍ ഭാഷയും പഠിച്ച ശേഷമാണ് പോയത്. കട്ടപ്പനയിലെ ജോളിയുടെ ചാച്ചന്‍ അടക്കമുളള ബന്ധുക്കളെ പോലീസ് നിരന്തരം നീരീക്ഷിച്ചിരുന്നു. ജോളി അറസ്റ്റിലായ ശേഷം നുണപരിശോധനയ്ക്ക് സമ്മതം ചോദിക്കാന്‍ ചാച്ചനെ വിളിക്കണം എന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോളി വിളിച്ചത് മറ്റൊരാളെ ആയിരുന്നു.
Recommended Video

ഗുഡ് സർവീസ് എൻട്രി
ജോളിയുടെ ചാച്ചന്റെ സംസാരരീതി പോലീസിന് പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് ജോളി വിളിച്ചത് ചാച്ചനല്ല എന്ന് പോലീസിന് മനസ്സിലായത്. കൊല്ലപ്പെട്ടവരുടെ കല്ലറ പൊളിച്ചതിന് ശേഷമാണ് പോലീസുകാര്‍ താടി ഒഴിവാക്കിയത്. ആദ്യം പത്ത് പേരാണ് പോലീസിന്റെ രഹസ്യാന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പിന്നീട് 5 പേര്‍ കൂടി സംഘത്തില്‍ ചേര്‍ന്നു. ഈ സംഘത്തിലെ പോലീസ് ഡ്രൈവര്‍ അടക്കമുളളവര്‍ക്കാണ് എസ്പിയുടെ അംഗീകാരം.












Click it and Unblock the Notifications