മലയാളികളുടെ മരണം; ബ്ലാക്ക് മാജിക് സാധ്യത തള്ളാതെ അരുണാചൽ പോലീസ്
ന്യൂഡൽഹി: അരുണാചലിലെ ഹോട്ടൽ മുറിയിൽ മൂന്ന് മലയാളികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് അരുണാചൽ പോലീസ്. ഇവരുടെ അസ്വാഭാവിക മരണത്തിൽ ബ്ലാക്ക് മാജിക് സാധ്യത പോലീസ് തള്ളിയിട്ടില്ല. കേരള പോലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് അഞ്ച് പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസി പി കെനി ബാഗ്രെ പറഞ്ഞു.
മന്ത്രവാദമെന്ന സംശയം അടക്കം പരിശോധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. സിറോയിൽ മാത്രമായി ഇത്തരം കാര്യങ്ങൾ നടക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. കുടുംബം എന്ന നിലയിലാണ് മൂവരും ഹോട്ടലിൽ മുറിയെടുത്തതെന്നും മുറി എടുക്കുന്നതിന് നവീന്റെ രേഖകളാണ് നൽകിയതെന്നും മറ്റുള്ളവരുടെ രേഖകൾ പിന്നീട് നൽകാമെന്നാണ് ഇവർ പറഞ്ഞതെന്നും പോലീസ് പറഞ്ഞു.

നവീൻ മറ്റുള്ളവരുടെ ദേഹക്ക് മുറിവുണ്ടാക്കിയ ശേഷം സ്വയം കൈ മുറിച്ചു എന്നാണ് സംശയിക്കുന്നത്. എന്തിനാണ് സിറോയ താഴ് വരയിൽ എത്തിയതെന്ന് അന്വേഷിക്കും എന്ന് എസ് പി അറിയിച്ചു.
വട്ടിയൂർക്കാവ് മേലത്തൂമേലെ സ്വദേശി ആര്യ ബി നായർ, വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശിനി ദേവി, ഭർത്താവ് നവീൻ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്ന് പേരും മരിച്ച ഹോട്ടൽ മുറിയിൽ ബന്ധുക്കളുടെ ഫോൺ നമ്പറുകൾ രേഖപ്പെടുത്തിയിരുന്നു. അരുണാചൽ പോലീസാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. മൂന്ന് പേരുടെയും ബന്ധുക്കൾ അരുണാചലിലേക്ക് പോയി. മരിച്ച നവീനും ഭാര്യ ദേവിയും ആര്യയും അവസാന ദിവസങ്ങളിൽ ഇന്റർനെറ്റിൽ തിരഞ്ഞത് മരണാനന്തര ജീവിതത്തെപ്പറ്രിയാണ് എന്നാണ് റിപ്പോർട്ട്. ആര്യയുടെ കഴുത്തിനും ദേവിയുടെയും നവീന്റേയും കൈക്കുമാണ് മുറിവുകൾ.
ആര്യയെ ഭീഷണിപ്പെടുത്തി ആകും വീട്ടിൽ നിന്ന് കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറയുന്നു. ആര്യയെ എന്തെങ്കിലും പറഞ്ഞ് വിശ്വസിപ്പിച്ചോ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ കൊണ്ടുപോയിരിക്കാം എന്ന സംശയമാണുള്ളത് എന്ന് ബന്ധു ഗിരിധര ഗോപൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. ആര്യയെ തെറ്റദ്ധരിപ്പിച്ചതാകാനും സാധ്യതയുണ്ട്.
രാവിലെ സ്കൂളിൽ ജോലിക്കായി പോയ ആര്യ മടങ്ങി വരാത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. സ്കൂളിൽ വിളിച്ചപ്പോൾ അവധി അപേക്ഷ നൽകിയതായി മനസ്സിലായി. പിന്നീടാണ് അച്ഛൻ വട്ടിയൂർക്കാവ് പോലീസിൽ പരാതി നൽകിയത്. ആര്യയുടെ പെരുമാറ്റത്തിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.












Click it and Unblock the Notifications