കോഴിക്കോട് മൊബിലിറ്റി ഹബ്ബ് യാഥാര്‍ത്ഥ്യമാവുന്നു; വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിച്ചു

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: യാത്രാദുരിതം കുറയ്ക്കുക, അപകടങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കോഴിക്കോട് നഗരത്തില്‍ മൊബിലിറ്റി ഹബ്ബ് യാഥാര്‍ത്ഥ്യമാവുന്നു. ഇത് സംബന്ധിച്ച് പ്രാഥമിക ആലോചനായോഗം ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍ നടന്നു. എ പ്രദീപ്കുമാര്‍ എം,എല്‍എ, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ പത്മകുമാര്‍, ജില്ലാ കലക്ടര്‍ യുവി ജോസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

mobilityhub

കഴിഞ്ഞ ബഡ്ജറ്റ് സമ്മേളനത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ച മൊബിലിറ്റി ഹബ്ബ് എത്രയും വേഗം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. ആലപ്പുഴയിലും കോഴിക്കോടുമായി രണ്ട് മൊബിലിറ്റി ഹബ്ബുകളാണ് സംസ്ഥാനത്ത് ഒരുങ്ങുന്നത്. കോഴിക്കോടിന് ഇത് അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് മൊബിലിറ്റി ഹബ്ബിന്റെ നിര്‍മാണം. പദ്ധതി സാക്ഷാത്കാരത്തിനായുളള പ്രാഥമിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി എ പ്രദീപ്കുമാര്‍ എം.എല്‍.എ ചെയര്‍മാനും ജില്ലാ കലക്ടര്‍ യുവി ജോസ് നോഡല്‍ ഓഫിസറും റീജ്യണല്‍ ടൗണ്‍ പ്ലാനര്‍ കെവി അബ്ദുള്‍ മാലിക് കണ്‍വീനറുമായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. മേയ് 12 നകം പ്രേപൊസല്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

കോഴിക്കോട് എന്‍ഐടി യുടെ നേതൃത്വത്തില്‍ മൊബിലിറ്റി ഹബ്ബിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഏകദേശം 20 ഏക്കര്‍ ഭൂമി ആവശ്യമാണ്. മോണോ റെയില്‍, കെഎസ്ആര്‍ടിസി, കനോലി കനാല്‍ വഴിയുളള ജലപാത തുടങ്ങിയവ മൊബിലിറ്റി ഹബ്ബുമായി സംയോജിപ്പിക്കും. ബസ്സുകള്‍ക്കുപുറമേ 3000 കാറുകള്‍ക്കും 2000 ബൈക്കുകള്‍ക്കും പാര്‍ക്കിംഗ് സൗകര്യം ഉണ്ടാവും. ഏറ്റെടുക്കാനുദേശിക്കുന്ന ഭൂമിയുടെ നിയമ സാധുത പരിശോധിക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തി. തദ്ദേശ ഭരണം, പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍, ഗതാഗതം, കൃഷി എന്നീ വകുപ്പുകളും കോര്‍പ്പറേഷന്‍, നാറ്റ്പാക് എന്നിവയും പദ്ധതിയുടെ ഭാഗമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും.

ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, കോര്‍പ്പറേഷന്‍ സ്റ്റാഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.വി ബാബു രാജ്, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത്, എന്‍.ഐ.ടി യിലെ പ്രൊഫസര്‍ ഡോ.അനില്‍കുമാര്‍, ആര്‍.ടി.ഒ സി.ജെ പോള്‍സണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kozhikode mobility hub plan get started

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്