നിപ വ്യാപനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ഫറോക്ക് നഗരസഭ മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി
കോഴിക്കോട്: സംസ്ഥാനത്ത് ആറ് പേര്‍ക്ക് നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍. ആദ്യം മരിച്ച രോഗിയുടെ സ്രവ പരിശോധനാ ഫലം ഇന്നലെയാണ് പുറത്ത് വന്നത്. ഇത് പോസിറ്റീവായതോടെയാണ് ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇയാള്‍ മരിച്ചത് നിപ മൂലമായിരിക്കാം എന്ന നിഗമനം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആഗസ്റ്റ് 30 നാണ് ഇദ്ദേഹം മരിച്ചത്.
ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നയാളാണ് രണ്ടാമത് മരിച്ചത്. ഇദ്ദേഹത്തിന് നിപ പോസിറ്റാവായിരുന്നെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ആദ്യം മരിച്ചയാളുടേത് നിപ ആണ് എന്ന ആ ഘട്ടത്തില്‍ സംശയമുണ്ടായിരുന്നില്ല. രണ്ടാമത്തെ രോഗിയും സമാന ലക്ഷണങ്ങളോടെ മരിച്ചതോടെയാണ് നിപ സംശയം ബലപ്പെടുന്നതും സ്രവം പരിശോധനയ്ക്ക് അയക്കുന്നതും.
ആദ്യം മരിച്ചയാളുടെ സ്രവം ആശുപത്രി ശേഖരിച്ചിരുന്നു. ഇത് പരിശോധനയ്ക്ക് അയച്ചതോടെയാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നാല് ആക്ടീവ് കേസ് ഉള്‍പ്പടെ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം നിപ ബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും എന്നാണ് വിവരം. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക.
ഇതുവരെ പരിശോധിച്ചവരില്‍ 83 പേരുടെ ഫലം നെഗറ്റീവാണ്. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട എല്ലാവരേയും പരിശോധിക്കാന്‍ തീരുമാനമായിട്ടുണ്ട്. അതേസമയം നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകളും ഫറോക്ക് നഗരസഭയും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ച ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടിരുന്നു. കോഴിക്കോട് കോര്‍പറേഷനിലെ 43, 44, 45, 46, 47, 48, 51 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയി പ്രഖ്യാപിച്ചിട്ടുള്ളത്. ഫറോക്ക് നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്. 1080 പേരാണ് രോഗബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താം എന്ന് അറിയിച്ചിട്ടുണ്ട്. നിപ ആദ്യം റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സംഘം ഇന്നലെ രോഗബാധിത മേഖല സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications