കോഴിക്കോട് നിപ സംശയം: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രി ജില്ലയിലെത്തി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: 'കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചു രണ്ടുപേർ മരണമടയാനിടയായ സാഹചര്യം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുപ്പെടുവിച്ചിട്ടുണ്ട്. നിപ വൈറസ് ആണോ പനിക്ക് കാരണം എന്ന് സംശയിക്കുന്നതിനാലാണ് ജാഗ്രത നിര്‍ദേശം.

സംഭവം റിപ്പോര്‍ട്ട് ചെയ്തയുടന്‍ കോഴിക്കോട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സാമ്പിളുകള്‍ പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പ്രദേശത്ത് സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങള്‍ ഇന്നലെ തന്നെ ആരംഭിച്ചു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി തന്നെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കോഴിക്കോടെത്തി ജില്ലയുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കോഴിക്കോട്ടേയ്ക്ക് തിരിച്ചിട്ടുണ്ട്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മരണമടഞ്ഞവരുടെ സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തി പരിചരണം നൽകുന്നുണ്ട്. പ്രതിരോധപ്രവർത്തനവും ജാഗ്രതയും പ്രധാനമാണ്. ആരോഗ്യ വകുപ്പ് തയാറാക്കിയ പ്രതിരോധ പദ്ധതിയുമായി എല്ലാവരും സഹകരിക്കണം എന്നഭ്യർത്ഥിക്കുന്നു.












Click it and Unblock the Notifications