കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകന്
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ് ഇദ്ദേഹം. 24 കാരനായ ഇദ്ദേഹം രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു. മൂന്ന് ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്ത് ഉള്ളത്.
രോഗം ബാധിച്ച് മരിച്ചവര്‍ സന്ദര്‍ശിച്ച ആശുപത്രി കേന്ദ്രീകരിച്ച് ക്ലസ്റ്റര്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 706 പേര്‍ ഇതിനോടകം തന്നെ സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇതില്‍ 157 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

അതേസമയം കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24-ാം തീയതി വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ് എന്നും മന്ത്രി വ്യക്തമാക്കി.
സമ്പര്‍ക്ക പട്ടികയില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ 77 പേരാണ് ഉള്ളത് എന്നും ഇവരെ വീടുകളിലാണ് ഐസോലേഷനിലാക്കിയിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. മരിച്ച രോഗിയുടെ ഏറ്റവും അടുത്ത കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ള 13 പേര്‍ മെഡിക്കല്‍ കോളേജിലാണ് ഐസോലേഷനില്‍ കഴിയുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വാര്‍ഡ് തിരിച്ച് സന്നദ്ധ സേന രൂപീകരിക്കും.
ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് വളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും പഞ്ചായത്തുകളായിരിക്കും ഈ വളന്റിയര്‍മാരെ നിശ്ചയിക്കുക എന്നും മന്ത്രി അറിയിച്ചു. അതേസമയം നിപ മരണത്തില്‍ ആകെ 789 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ എ ഗീത പറഞ്ഞു. മുഹമ്മദലിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 371 പേരും മകന്റെ സമ്പര്‍ക്ക പട്ടികയില്‍ 60 പേരും ബന്ധുവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേരുമാണ് ഉള്ളത് എന്നും കളക്ടര്‍ വ്യക്തമാക്കി.
ഹാരിസിന്റെ സമ്പര്‍ക്ക പട്ടികയില്‍ 281 പേരാണ് ഉള്ളത്. രോഗപ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് 313 വീടുകള്‍ സര്‍വ്വേ ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മൂന്ന് പേര്‍ക്ക് പനിയുണ്ട് എന്നും എന്നാല്‍ ഇതില്‍ രണ്ട് പേര്‍ക്ക് നേരിട്ട് ബന്ധമില്ല എന്നും ഗീത വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 13 പേരും മിംസില്‍ 7 പേരുമാണ് ചികിത്സയിലുള്ളത് എന്നും കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications