ട്രെയിനിൽ വീണ്ടും ടിടിഐയ്ക്ക് നേരെ ആക്രമണം; മദ്യലഹരിയിൽ കത്തി വീശി ആക്രമണം
കോഴിക്കോട്: ടി ടി ഐക്ക് നേരെ വീണ്ടും ആക്രമണം. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത യാത്രക്കാരനാണ് അക്രമിച്ചത്. ഞായറാഴ്ച വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിൽ വടകരയ്ക്ക് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ ടിടിഐക്ക് നേരെ കത്തിവീശുകയായിരുന്നു. ഇയാളെ യാത്രക്കാർ ചേർന്നാണ് കീഴ്പ്പെടുത്തിയത്. പരിക്കേറ്റ ടിടിഐ ഋഷി ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ആക്രമണം നടന്നിരുന്നു. വനിത ടിടിഐക്ക് നേരെയായിരുന്നു ആക്രമണം. 16160 നമ്പർ മംഗളൂരു-ചെന്നൈ എഗ്‌മൂർ എക്സ്പ്രസിൽ വടകര-കൊയിലാണ്ടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ച് പാലക്കാട് സ്വദേശി ആയ ഡപ്യൂട്ടി ടി ടി ഐ ആർ രജിതയ്ക്ക്(35) യ്ക്ക് നേരെ ആണ് ആക്രമണം നടന്നത്. ഇവരെ മർദിച്ച വടകര നട്ട് സ്ട്രീറ്റ് നിട്ടറോത്ത് താഴെ ഹൗസിൽ കെ.രൈരുവിനെ(74) കോഴിക്കോട്ട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.

വടകരയിൽ നിന്ന് കയറിയ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുമ്പോൾ ആണ് ആക്രമണം. ടിടിഐ രൈരുവിന്റെ അടുത്തെത്തിയപ്പോൾ റിസർവേഷൻ ടിക്കറ്റില്ലെന്നു പറഞ്ഞു. ജനറൽ ടിക്കറ്റ് എടുത്ത ഇയാൾ റിസർവേഷൻ കോച്ചിൽ ആണ് യാത്ര ചെയ്തത്. സീറ്റ് നേരത്തെ റിസർവ് ചെയ്ത ആളുകൾ എത്തിയപ്പോൾ ടിടിഐ വയോധികനോട് സീറ്റിൽ നിന്ന് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. 2 കംപാർട്മെന്റ് മുന്നോട്ടുപോയി ജനറൽ കംപാർട്മെന്റിലേക്കു മാറിക്കയറണം എന്നും ടിടിഐ പറഞ്ഞു.
പക്ഷേ ഇയാൾ അതിന് തയ്യാറായില്ല. കേരളത്തിൽ മാത്രമേ ഇത്തരം നിയമങ്ങൾ ഉള്ളൂ എന്നും ഉത്തരേന്ത്യയിൽ ഇത്തരം നിർദേശങ്ങളൊന്നും ഉണ്ടാവില്ലെന്നും രൈരു പറഞ്ഞു. ഇത് യാത്രക്കാരുടെ സുരക്ഷയുടെ ഭാഗമാണ് എന്ന് ടിടിഐ പറഞ്ഞപ്പോൾ ചീത്ത വിളിക്കുകയായിരുന്നു പിഴ അടയ്ക്കുകയോ മാറിയിരിക്കുകയോ ചെയ്യണനെന്ന് വീണ്ടും നിർദേശിച്ചപ്പോഴാണ് വയോധികൻ 3 തവണ തന്റെ മുഖത്തടിച്ചതെന്ന് ടി ടി ഐ പറഞ്ഞത്.
കോച്ചിൽ ഉണ്ടായിരുന്ന യാത്രക്കാരനാണ് ഇയാളെ തടഞ്ഞത്. കൊയിലാണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ കോച്ചിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണ്ടും വയോധികൻ ടി ടി ഐ യുടെ മുഖത്ത് വീണ്ടും അടിച്ചു. കൊയിലാണ്ടി സ്റ്റേഷനിൽ നിന്ന് രൈരു ജനറൽ കംപാർട്ട്മെന്റിൽ മാറിക്കയറിയ വയോധികനെ യാത്രക്കാർ പിടികൂടി റെയിൽവേ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ യുവതി കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സ തേടിയിരുന്നു.












Click it and Unblock the Notifications