മതമില്ലാത്ത കുഞ്ഞുങ്ങൾ; ഔദ്യോഗിക രേഖകൾ വിദ്യാഭ്യാസ മന്ത്രി ദുരുപയോഗം ചെയ്തു ; കെപിഎ മജീദ്
കോഴിക്കോട്: അറിവിന്റെ ആദ്യാക്ഷരം നുകരാൻ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൂടെ ചുവട് വെക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ തങ്ങളുടെ മാതാപിതാക്കളും രക്ഷിതാക്കളും അറിയാതെ മതമില്ലാത്തവരായി രേഖപ്പെടുത്താന്‍ സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.
സംസ്ഥാനത്ത് ജാതിയും മതവും രേഖപ്പെടുത്താത്ത എത്രകുട്ടികള്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടിയെന്ന ചോദ്യത്തിന് നിയമസഭയില്‍ പരിഷത്തുകാരനായ വിദ്യാഭ്യാസമന്ത്രി ഒന്നേകാല്‍ ലക്ഷം എന്നാണ് മറുപടി നൽകിയത്. ഇതു തെറ്റാണെന്ന കണക്കുകള്‍ വൈകാതെ പുറത്തുവന്നു.

കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ ബേബി 'മതമില്ലാത്ത ജീവന്‍' എന്ന പാഠഭാഗത്തിലൂടെ മതനിരാസം പിഞ്ചുഹൃദയങ്ങളില്‍ കുത്തിവെക്കാൻ ശ്രമിച്ചുവെങ്കില്‍ ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി ഔദ്യോഗികരേഖകള്‍ ദുരുപയോഗം ചെയ്തുകൊണ്ടാണ് മതരഹിത സമൂഹത്തെ സൃഷ്ക്കാന്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ നിന്നും സാമൂഹ്യഘടനയില്‍നിന്നും വേഗത്തില്‍ എടുത്തുമാറ്റാൻ കഴിയുന്നതല്ല മതവും സംസ്‌കാരവുമെന്നത് ഉത്തരവാദിത്തപ്പെട്ടവര്‍ മനസിലാക്കിയാല്‍ നന്ന്. തെറ്റായവിവരം നല്കി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് മന്ത്രിക്കെതിരെ നിയമസഭാ ചട്ടം അനുസരിച്ച് നടപടി സ്വീകരിക്കണമെന്നും കെ.പി.എ മജീദ് പ്രസ് താവനയിൽ ആവശ്യപ്പെട്ടു.












Click it and Unblock the Notifications