ചികിത്സാ സഹായത്തെ എതിര്‍ക്കുന്നത് ഇടുങ്ങിയ ചിന്താഗതിക്കാരന്റെ വക്ര ബുദ്ധി; ഗണേഷ് കുമാര്‍
തിരുവനന്തപുരം: നടിയും കേരള നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിതയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ.
സര്‍ക്കാര്‍ ചികിത്സയ്ക്കായി ധനസഹായം നല്‍കുന്നതിനെ അനുകൂലിച്ച ഗണേഷ് കുമാര്‍ വിഷയം രാഷ്ട്രീയവത്കരിക്കുന്നതിനെ വിമര്‍ശിച്ചു. ഈ വിഷയം രാഷ്ട്രീയവത്കരിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയായ പ്രവണതയല്ലെന്നും പ്രതിഷേധങ്ങള്‍ സംസ്‌കാര ശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു. വിശദാംശങ്ങളിലേക്ക്...

ലളിതയ്ക്കുള്ള സര്‍ക്കാര്‍ ചികിത്സ സഹായം മന്ത്രിസഭ യോഗത്തിലാണ് തീരുമാനിച്ചത്. നടി ആവശ്യപ്പെട്ടതുകൊണ്ടാണ് സര്‍ക്കാര്‍ ധനസഹായം നല്‍കിയതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ഇത് വിവാദമാക്കേണ്ടെന്നും സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന നടിയാണ് കെപിഎസി ലളിതയെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം. സര്‍ക്കാരിന്റെ നടപടിയെ പിന്തുണച്ച് പി ടി തോമസ് എം എല്‍ എയും, സുരേഷ് ഗോപി എം പിയും രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഗണേഷ് കുമാറും പിന്തുണച്ച് രംഗത്തെത്തിയത്. ഒരു കലാകാരിയാണവര്‍, അവര്‍ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരിക്കുന്ന കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സ സഹായം ലഭിക്കാന്‍ യോഗ്യതയുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

നടന്മാരായ ജഗതിക്കും തിലകനും ഉള്‍പ്പടെ നിരവധി കലാകാരന്മാര്‍ക്കും മുമ്പ് ധനസഹായം നല്‍കിയിട്ടുണ്ട്. നമ്മള്‍ ആദരിക്കുന്നരും സ്‌നേഹിക്കുന്നവരുമാണ് കലാകാരന്മാര്‍. അവര്‍ക്ക് ഒരു ആപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്. ചികിത്സ സഹായം നല്‍കുന്നതിന് എതിര്‍ക്കുന്നത് ഇടുങ്ങിയ ചിന്താഗതിക്കാരന്റെ വക്ര ബുദ്ധിയാണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. നേരത്തെ പിടി തോമസും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരുന്നു.

കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്നാണ് പിടി തോമസ് പറഞ്ഞത്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമര്‍പ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണെന്നും പിടി തോമസ് കൂട്ടിച്ചേര്‍ത്തിരുന്നു.

രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ക്ക് നിലപാടുകള്‍ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവര്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാന്‍ മലയാളികള്‍ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും പിടി തോമസ് പറഞ്ഞിരുന്നു.

കരള്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് കെ പി എ സി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉടന്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതേ തുടര്‍ന്ന് കരള്‍ ദാതാവിനെ തേടി മകള്‍ ശ്രീക്കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. ഒ പോസിറ്റീവ് ഗ്രൂപ്പിലുള്ള ആരോഗ്യവാനായ ദാതാവിനെയാണ് കെപിഎസിയുടെ കുടുംബം തേടുന്നത്.

എന്നാല്‍ കെ പി എ സി ലളിതയ്ക്ക് കരള്‍ നല്‍കാമെന്ന് അറിയിച്ച് കലാഭവന്‍ സോബി രംഗത്തെത്തിയിരുന്നു. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ശസ്ത്രക്രിയക്ക് വേണ്ടി കരള്‍ നല്‍കുവാന്‍ തയ്യാറാണെന്ന് ജോബി പറഞ്ഞു. ജീവിതത്തില്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ല. യാതൊരു ലഹരിയും ഇന്നു വരെ ഉപയോഗിച്ചിട്ടില്ല, സോബി വ്യക്തമാക്കി. മാത്രമല്ല യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും തനിക്ക് ഇല്ലെന്ന് സോബി പറയുന്നു. ആരോഗ്യവാനാണെങ്കില്‍ 65 വയസുവരെ പ്രശ്നമില്ലെന്നാണ് ഡോക്ടര്‍ മറുപടി നല്‍കിയത്.












Click it and Unblock the Notifications