കോഴിക്കോട് കട്ടകലിപ്പിൽ എ, ഐ ഗ്രൂപ്പുകൾ; ജയന്തിന്റെ ഭാരവാഹിത്വത്തിനെതിരേയും പ്രതിഷേധം
കോഴിക്കോട്; കെ പി സി സി പുനഃസംഘടനയിൽ ജില്ലയിലെ എ,ഐ ഗ്രൂപ്പ് നേതാക്കൾ കടുത്ത അതൃപ്തിയിൽ. ജില്ലയിൽ നിന്നും ഇക്കുറി പുനഃസംഘടനയിൽ ഇരു ഗ്രൂപ്പുകളിലും പെട്ടവർക്ക് ഇടം ലഭിച്ചില്ലെന്നതാണ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. ഡി സി സി അധ്യക്ഷ നിയമനത്തിൽ തിരിച്ചടി നേരിട്ട ഗ്രൂപ്പുകൾ കെ പി സി സി പുനഃസംഘടനയിൽ പിടിമുറുക്കാനുള്ള നീക്കം നടത്തിയിരുന്നു.

2006 മുതൽ എ ഗ്രൂപ്പിന്റെ കൈയ്യിലാണ് കോഴിക്കോട്. എന്നാൽ ഇത്തവണ ഡി സി സി അധ്യക്ഷ നിയമനത്തിൽ എ ഗ്രൂപ്പിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. എ ഗ്രൂപ്പുമായി അകന്ന് നിൽക്കുന്ന ടി സിദ്ധിഖിന്റേയും എം കെ രാഘവ്‍റേയും പിന്തുണയോടെ ഇരു ഗ്രൂപ്പുകളിലും ഇല്ലാത്ത കെ പ്രവീണിനെയായിരുന്നു അധ്യക്ഷനാക്കിയത്. ഈ തിരിച്ചടി കെ പി സി സി പുനഃസംഘടനയിൽ മറികടക്കാമെന്നായിരുന്നു ഗ്രൂപ്പ് നേതൃത്വം കണക്ക് കൂട്ടിയത്.

എന്നാൽ ഗ്രൂപ്പ് നിർദ്ദേശങ്ങൾ പരിഗണിക്കപ്പെട്ടില്ല. ഐ ഗ്രൂപ്പിൽ നിന്ന് നേരത്തേ എൻ സുബ്രഹ്മണ്യൻ നേരത്തേ ഏറെ നാൾ ജനറൽ സെക്രട്ടറിയായിരുന്നുവെങ്കിലും ഇക്കുറി ഐ ഗ്രൂപ്പിനേയും തഴഞ്ഞു. നിലവിൽ പി എം നിയാസ്, കെ ജയന്ത് എന്നിവരെയാണഅ ജനറൽ സെക്രട്ടറിമാരായി നിയമിച്ചത്. ഇതിൽ നിയാസ് കെ സി വേണുഗോപാലിന്റെ നോമിനിയാണ്. ജയന്ത് ആകട്ടെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻറെ നോമിനിയും. ഇതോടെ ജില്ലയിൽ കരുത്ത് പൂർണമായും നഷ്ടപ്പെട്ട നിലയിലാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ.

അതിനിടെ നേതൃത്വവുമായി ഏറെ നാളായി അകന്ന് നിൽക്കുന്ന ജയന്തിനെ ജനറൽ സെക്രട്ടറിയാക്കാനുള്ള തിരുമാനത്തിനെതിരെ പാർട്ടിയിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ട്. 2018 ൽ യുഡിഎഫിന്റെ രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് (എം) ന് നൽകിയത് പ്രതിഷേധിച്ച് സെക്രട്ടറി സ്ഥാനം രാജിവെച്ച നേതാവാണ് ജയന്ത് . പിന്നീട് പാർട്ടിയുമായി അകൽച്ചയിലായിരുന്ന ജയന്ത്. ലോക്സഭ തിരഞ്ഞെടുപ്പിലോ തദ്ദേശ തിരഞഅഞെടുപ്പിലോ പോലും പാർട്ടി പ്രവർത്തനങ്ങൾക്ക് ജയന്ത് ഇറങ്ങിയിരുന്നില്ല.

ഇപ്പോൾ കെ സുധാകരൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതോടെയാണ് വീണ്ടും പാർട്ടിയുമായി ജയന്ത് അടുത്തത്. അതേസമയം ജയന്തിനെ നേരത്തേ ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരൻ പരിഗണിച്ചതായി റിപ്പോർട്ടുകൾ ഉണഅടായിരുന്നു. അന്ന് തന്നെ പാർട്ടിയിൽ എതിർപ്പുയർന്നതോടെ നീക്കം ഉപേക്ഷിച്ചു. ഇപ്പോൾ ജനറൽ സെക്രട്ടറിയാക്കാനുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ മുതൽ തന്നെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരുന്നു.

നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ ഹൈക്കമാന്റിന് കത്തയച്ചിടരുന്നു. ജയന്തിന്റെ നിയമനം പാർട്ടിക്കുള്ളിലെ നല്ല അന്തരീക്ഷം ഇല്ലാതാക്കുമെന്ന് കാണിച്ചായിരുന്നു നേതാക്കളുടെ കത്ത്. കേരളത്തിന്റ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി പി വി മോഹനും ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. വർക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ് ഉൾപ്പെടെ ജയന്തിന്റെ പേരിനെ ശക്തമായി എതിർത്തു എന്നാണ് റിപ്പോർട്ട്.അതേസമയം സുധാകരൻ ജയന്തിന്റെ പേരിൽ ഉറച്ച് നിന്നു. കെ സി വേണുഗോപാലിൻറെ പിന്തുണയും ജയന്തിന് ഉണ്ടായിരുന്നുവെന്നാമ് റിപ്പോർട്ട്.

അതേസമയം ജയന്തിനെതിരായ ആക്ഷേപങ്ങൾ വെറുതേയാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും 2005 മുതൽ കെ പി സി സി അംഗവും ആയിരുന്ന ജയന്ത് പുതിയ പദവിക്ക് എന്തുകൊണ്ടും അർഹനാണെന്നും ഇവർ പറയുന്നു. അന്നത്തെ ജയന്തിന്റെ രാജി ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications