ജീവനക്കാരിക്കെതിരെ ചീത്ത വിളിയും മർദ്ദനവും; ബി ആർ എം ഷഫീറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
തിരുവനന്തപുരം: കെ പി സി സി സെക്രട്ടറി ബി ആർ എം ഷെഫീറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചീത്തവിളിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഓഫീസ് ജീവനക്കാരി ഷെഫീറിനെതിരെ പരാതി നൽകിയിരുന്നു. ഈ കേസിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ഷെഫീറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് കൊണ്ടാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്. അതേസമയം, ഷെഫീറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി സർക്കാരിന്റെ നിലപാടും തേടിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ജൂലൈ അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും.

ഷെഫീറിന്റെ അഭിഭാഷക ഓഫീസിലെ ക്ലർക്ക് ആയിരുന്ന സ്ത്രീ സമർപ്പിച്ച പരാതിയിൽ അദ്ദേഹത്തിന് എതിരെ ഇന്നലെ പൊലീസ് കേസ് എടുക്കുകയായിരുന്നു. തന്നെ ചീത്തവിളിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, ഷെഫീർ സമർപ്പിച്ച പരാതിയിൽ വനിതാ ക്ലർക്കിന് എതിരെയും പോലീസ് കേസ് എടുത്തിരുന്നു. നെടുമങ്ങാട് പൊലീസിന്റേതായിരുന്നു നടപടി. താൻ അറിയാതെ ക്ലർക്ക് വക്കീൽ ഫീസ് വാങ്ങിയെന്നും രേഖകൾ കടത്തിയെന്നുമാണ് പരാതിയിൽ ഉന്നയിക്കുന്നത്.
കെ പി സി സി സെക്രട്ടറി പരാതി നൽകിയ ശേഷമാണ് ക്ലർക്ക് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ഷെഫീർ കെ പി സി സിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളിൽ സജീവമായ സാന്നിധ്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കലയിലെ യു ഡി എഫ് സ്ഥാനാത്ഥി ആയിരുന്നു ഷെഫീർ. അക്കാലത്ത് ഇലക്ഷൻ പ്രചരണത്തിന് വേണ്ടി ഫണ്ട് ഇല്ലാതെ വന്ന സാഹചര്യത്തിൽ വീഡിയോ ചെയ്ത് പണം നാട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സ്വരൂപിക്കുകയായിരുന്നു ഷെഫീർ.












Click it and Unblock the Notifications