കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിയുടെ മുന്നില്‍ പതറാത്ത, പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മായ ഗൗരിയമ്മയെന്ന ചെങ്കനല്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ എക്കാലത്തെയും സ്ത്രീ ശബ്ദമായിരുന്നു കെആര്‍ ഗൗരിയമ്മ. അവര്‍ വിടവാങ്ങുന്നതോടെ കമ്മ്യൂണിസ്റ്റ് തലയെടുപ്പുള്ള നേതാവ് കൂടിയാണ് പടിയിറങ്ങുന്നത്. എന്നാല്‍ സംഭവബഹുലമായ രാഷ്ട്രീയ നീക്കങ്ങള്‍ കൊണ്ട് എല്ലാ കാലത്തും അവരുടെ രാഷ്ട്രീയ ജീവിതം സമ്പന്നമായിരുന്നു. സര്‍ സിപിയോട് കലഹിച്ചും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പവും, പിന്നീട് ദാമ്പത്യം തകര്‍ന്നതും അതേ പാര്‍ട്ടിയോട് കലഹിച്ച് ഇറങ്ങിപ്പോന്നതുമെല്ലാം മറ്റൊരു നേതാവിന്റെ ജീവിതത്തില്‍ എടുത്ത് പറയാനില്ലാത്ത കാര്യമാണ്.

ആദ്യ നിയമവിദ്യാര്‍ത്ഥിനി

ആദ്യ നിയമവിദ്യാര്‍ത്ഥിനി

ഗൗരിയമ്മ അക്കാലത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന ചുരുക്കം ചില വനിതകളില്‍ ഒരാളായിരുന്നു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലെ പട്ടണക്കാട് സ്വദേശിയായ രാമന്റെയും പാര്‍വതിയമ്മയുടെയും മകളായിട്ടായിരുന്നു ജനനം. 1919 ജൂലായ് 14നായിരുന്നു ജനനം. തുറവൂരിലും ചേര്‍ത്തലയിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗൗരിയമ്മ, മഹാരാജാസില്‍ നിന്നും സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ബിരുദവും സ്വന്തമാക്കി. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദവും അവര്‍ സ്വന്തമാക്കി. ഈഴവ വിഭാഗത്തില്‍ നിന്ന് വരുന്ന ആദ്യ നിയമ വിദ്യാര്‍ത്ഥിനിയെന്ന ചരിത്ര വിശേഷവും ഗൗരിയമ്മയ്ക്കുണ്ടായിരുന്നു.

സര്‍ സിപിയോടുള്ള കലഹം

സര്‍ സിപിയോടുള്ള കലഹം

സര്‍ സിപി രാമസ്വാമി അയ്യരോടുള്ള കലഹമായിരുന്നു തുടക്കത്തില്‍ ഗൗരിയമ്മയെ വലിയ നേതാവാക്കിയത്. സിപി വെച്ച് നീട്ടിയ മജിസ്‌ട്രേറ്റ് പദവി പോലും അവര്‍ വേണ്ടെന്ന് നട്ടെല്ലുറപ്പോടെ പറഞ്ഞു. കൊടിയ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. അപ്പോഴൊന്നും പ്രസ്ഥാനത്തെ വിട്ട് പോയിട്ടില്ല അവര്‍. കേരള സര്‍ക്കാരിനായി 132 ഏക്കര്‍ ഭൂമി വിട്ടുനല്‍കിയ പാരമ്പര്യമുണ്ട് ഗൗരിയമ്മയുടെ കുടുംബത്തിന്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെയുമായിരുന്നു ഗൗരിയമ്മ ജനങ്ങളിലേക്ക് ഇറങ്ങിയത്.

ജനവിധി തേടുന്നു

ജനവിധി തേടുന്നു

1948ല്‍ തിരുകൊച്ചി നിയമസഭയിലേക്കായിരുന്നു ആദ്യ മത്സരം. പക്ഷേ പരാജയം തേടിയെത്തി. പക്ഷേ നിശ്ചയദാര്‍ഢ്യം ഗൗരിയമ്മ കൈവെടിഞ്ഞില്ല. 1952, 54 വര്‍ഷങ്ങളില്‍ വന്‍ ഭൂരിപക്ഷത്തോടെ തന്നെ ജയിച്ചു. 1957ല്‍ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായിരുന്നു അവര്‍. അക്കാലത്ത് തന്നെ ടിവി തോമസുമായുള്ള വിവാഹവും നടന്നു. ഭര്‍ത്താവ് തോമസും അതേ മന്ത്രിസഭയിലുണ്ടായിരുന്നു. പിന്നീട് 46 വര്‍ഷം അവര്‍ എംഎല്‍എയായി. ആറ് സര്‍ക്കാരുകളിലായി 16 വര്‍ഷം മന്ത്രിയുമായി.

പാര്‍ട്ടി പിളരുന്നു

പാര്‍ട്ടി പിളരുന്നു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1964ല്‍ പിളര്‍ന്നപ്പോള്‍ സംഭവബഹുലമായ കാര്യങ്ങളാണ് ഗൗരിയമ്മയുടെ ജീവിതത്തില്‍ നടന്നത്. സിപിഎമ്മിനൊപ്പമായിരുന്നു ഗൗരിയമ്മ. ഭര്‍ത്താവ് വിരുദ്ധ ചേരിയിലും. തുടര്‍ന്ന് ടിവി തോമസുമായി അവര്‍ പിരിയുകയും ചെയ്തു. 17 തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചിട്ടുണ്ട്. കേരള കണ്ട ഏറ്റവും മികച്ച മന്ത്രിയെന്ന പേരും അവര്‍ക്കുണ്ട്. മന്ത്രിയായിരിക്കെ കാര്‍ഷിക നിയമം, കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കല്‍ നിരോധന ബില്‍, പാട്ടം പിരിക്കല്‍ നിരോധനം, സര്‍ക്കാര്‍ ഭൂമി കൈയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍ക്കാര്‍ ഭൂമിയിലെ കുടി കിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ സര്‍ക്കാര്‍ ഭൂമി പതിവ് നിയമം തുടങ്ങി നിരവധി സംഭാവനകള്‍ അവരുടേതായിട്ടുണ്ട്.

വഴുതിപ്പോയ മുഖ്യമന്ത്രി പദം

വഴുതിപ്പോയ മുഖ്യമന്ത്രി പദം

മുഖ്യമന്ത്രി സ്ഥാനം ഗൗരിയമ്മ അര്‍ഹിച്ചതായിരുന്നു. എന്നാല്‍ സിപിഎം ഇക്കാര്യത്തില്‍ അവരെ ചതിച്ചെന്ന് വേണം പറയാന്‍. കേരള നാട്ടില്‍ കെആര്‍ ഗൗരി ഭരിക്കട്ടെ എന്ന പ്രചാരണം 1987ല്‍ സിപിഎം പ്രചാരണത്തില്‍ ഉപയോഗിച്ചിരുന്നു. നായനാരോട് പാര്‍ട്ടിക്കുള്ള അതൃപ്തി ഗൗരിയമ്മയ്ക്ക് സഹായകരമായി. എംവി രാഘവന്റെ ബദല്‍ രേഖ പിന്തുണച്ചതാണ് നായനാരോടുള്ള കലിപ്പിന് കാരണം. എന്നാല്‍ സിപിഎം ജയിച്ചെങ്കിലും കാര്യങ്ങള്‍ മാറി. നായനാര്‍ തന്നെ മുഖ്യമന്ത്രിയായി. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് അവര്‍ ഇറങ്ങിപ്പോവുക വരെ ചെയ്തു. തുടര്‍ന്ന് അനുനയിപ്പിച്ച് കൊണ്ടുവന്നെങ്കിലും പലവിഷയത്തിലും പാര്‍ട്ടിയുമായി പിണങ്ങി. വൈകാതെ തന്നെ അവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. പാര്‍ട്ടി പുറത്താക്കിയ 1994ല്‍ തന്നെ ഗൗരിയമ്മ ജെഎസ്എസ് രൂപീകരിക്കുകയും ചെയ്തു.

Recommended Video

cmsvideo
കെആര്‍ ഗൗരിയമ്മ അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ
അവസാന കാലത്ത് പിണക്കം മാറി

അവസാന കാലത്ത് പിണക്കം മാറി

സിപിഎം വിട്ടതോടെ അവരുടെ സ്വന്തം പാര്‍ട്ടി പിന്നീട് ചേര്‍ന്നത് യുഡിഎഫിനൊപ്പമാണ്. 2016ലാണ് ഈ ബന്ധം പിരിയുന്നത്. 2001-2006 കാലത്ത് എകെ ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായിരുന്നു. എന്നാല്‍ 2016ല്‍ യുഡിഎഫിലെ അവഗണനയെ തുടര്‍ന്ന് അവര്‍ മുന്നണി വിട്ടു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗൗരിയമ്മ വീണ്ടും എകെജി സെന്ററിലെത്തിയത്. അവസാന കാലത്ത് സിപിഎമ്മുമായി അടുപ്പം പുലര്‍ത്തിയിരുന്നു ഗൗരിയമ്മ. അവരെ പാര്‍ട്ടിയിലേക്ക് തിരിച്ചുവിളിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. പിണറായി വിജയന്‍ അടക്കം അവരെ കണ്ടിരുന്നു.

English summary
kr gouri amma's political journey and profile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X