'താടി താങ്ങാൻ കഴിയാത്തവർ അങ്ങാടി താങ്ങുന്നു'; 'സമരങ്ങൾക്ക് അജണ്ടകളുണ്ട്';പരിഹസിച്ച് വി.എന്‍ വാസവന്‍
ആലപ്പുഴ: സില്‍വര്‍ ലൈൻ പദ്ധതിയ്ക്ക് എതിരെ സമരം നടത്തുന്ന കോണ്‍ഗ്രസ്സിനെ പരിഹസിച്ച് മന്ത്രി വി എന്‍ വാസവന്‍ രംഗത്ത്. താടി താങ്ങാൻ കഴിയാത്തവരാണ് അങ്ങാടി താങ്ങാൻ നോക്കുന്നതെന്നായിരുന്നു വാസവന്റെ പരിഹാസം.
ഇനിയൊരു വിമോചന സമരത്തിന് കോൺഗ്രസിന് കെൽപ്പില്ല. പ്രശ്‌നം ഉണ്ടാക്കുന്നത് പദ്ധതി ബാധിക്കുന്നവര്‍ അല്ല. കെ - റെയിൽ വിരുദ്ധ സമരങ്ങൾക്ക് പിന്നിൽ പ്രത്യേക അജണ്ടകൾ ഉണ്ട്. പ്രശ്നങ്ങളുണ്ടാക്കുന്നത് മറ്റ് പലരുമാണ്.
പല തരം രാഷ്ട്രീയ അജണ്ട വെച്ചാണ് കോൺഗ്രസടക്കം പ്രതിഷേധിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

സില്‍വർ ലൈന്‍ സര്‍വേ നടത്തിപ്പിനെ രാഷ്ട്രീയമായി കോൺഗ്രസ്സ് കാണുന്നു. ഇത് വെച്ച് ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിക്കാന്‍ നാടകം കളിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസിന്‍റെ നാടകം ഒഴിച്ചു നിര്‍ത്തിയാല്‍ ആരും ആരെയും ദ്രോഹിച്ചിട്ടില്ല. യു ഡി എഫ് കുട്ടികളെ വരെ ഉപയോഗിച്ച് പ്ലാന്‍ ചെയ്യുന്ന ഒരു ഓപ്പറേഷനാണിതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, പദ്ധതിയ്ക്ക് പിന്നാലെ ഉണ്ടായ പൊലീസ് അക്രമത്തെ പിന്തുണയ്ച്ചാണ് മന്ത്രി സംസാരിച്ചത്. ചങ്ങാനാശ്ശേരിയിൽ പൊലീസ് അതിക്രമങ്ങൾ ഉണ്ടായിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ജനങ്ങളെ ബോധ്യപ്പെടുത്തി കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയും. ഗെയിൽ പദ്ധതി വന്നപ്പോൾ ഇതിലും രൂക്ഷമായ രീതിയിൽ സമരങ്ങൾ ഉണ്ടായതായി. എന്നാൽ, ഗെയിൽ പദ്ധതിയിൽ ജനങ്ങൾക്ക് പിന്നീട് കാര്യങ്ങൾ ബോധ്യപ്പെട്ടു. ഇത്തരത്തിൽ ഈ പദ്ധതിയിലും ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതിയുടെ പ്രാധാന്യവും അതിന്റെ ഉള്ളടക്കവും ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താനാകും. ഇത് തന്നെയാണ് സര്‍ക്കാരിന്റെ വിശ്വാസം. പദ്ധതിയ്ക്ക് പിന്നാലെ പ്രതിഷേധം ശക്തമായ ഇടമായിരുന്നു ചങ്ങാനശേരിയിലെ മാടപ്പള്ളി. ഇവിടെ യോഗം വിളിച്ചു ചേര്‍ക്കും.

കെ റെയിലുമായി ബന്ധപ്പെട്ട് എല്‍ ഡി എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് ചെങ്ങന്നൂരിൽ ഉണ്ടാകും. നാടിന്‍റെ വികസനത്തില്‍ എല്ലാവര്‍ക്കും ഉപകാര പ്രദമായ ഒന്നാണ് കെ റെയില്‍ പദ്ധതി. ഇത് നാടിന് ഏറ്റവും അനിവാര്യമായ വികസന മുന്നേറ്റമാണ്. ഇതിന് എതിരെ സമരം ചെയ്യുന്നത് ശരിയല്ലെന്നും വാസവന്‍ പറഞ്ഞു. അതേസമയം, കേരളത്തിൽ നടക്കുന്ന സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കും എന്ന് പ്രഖ്യാപിച്ച് യു ഡി എഫ് രംഗത്ത് എത്തിയിരുന്നു. സമരത്തിന് ഇറങ്ങുന്ന സാധാരണക്കാരെ ജയിലിലടയ്ക്കും എന്ന ഭീഷണി വിലപ്പോകില്ല. പദ്ധതിയിക്ക് എതിരെ യു ഡി എഫ് നേതാക്കൾ നേരിട്ടിറങ്ങി കല്ലുകൾ പിഴുതെറിഞ്ഞു ജയിലിൽ പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു.

കേരളം ഇതുവരെ കാണാത്ത ജനകീയ സമരത്തിന്റെ തിരശീലയാണ് ഉയർന്നിരിക്കുന്നതെന്ന് സതീശൻ പറഞ്ഞിരുന്നു. കേരളത്തിന്റെ സമര ചരിത്രത്തിലെ ഐതിഹാസിക സംഭവമാകും സിൽവർലൈൻ വിരുദ്ധ സമരം. വാശിയും ധാർഷ്ട്യവുമായി മുഖ്യമന്ത്രി പോയാൽ നന്ദിഗ്രാമിൽ സംഭവിച്ചത് തന്നെ കേരളത്തിലെ സി പി എമ്മിനും സംഭവിക്കും. കല്ലുകൾ പിഴുതാൽ പൊതുമുതൽ നശിപ്പിച്ചതിനു കേസെടുത്ത് ജയിലിൽ അടയ്ക്കുമെന്നാണു ഭീഷണി. ഇതു വിലപ്പോകിലെന്നും സതീഷൻ വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു.

പദ്ധതിയെ കുറിച്ചു വ്യക്തത വരുത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ കല്ലിടലുമായി സർക്കാർ മുന്നോട്ടു പോകുന്നത്. വിദേശ കടം വാങ്ങി കേരളത്തെ പണയപ്പെടുത്താനും പാരിസ്ഥിതികമായി തകർക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. കല്ലുകൾ പിഴുതെറിയണമെന്നു തീരുമാനിച്ചപ്പോൾ ജനങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു. ഈ സമരത്തെ ചെറുക്കാൻ സർക്കാർ വിചാരിച്ചാൽ സാധിക്കില്ലെന്നു സതീശൻ പറഞ്ഞിരുന്നു.എന്നാൽ, ജീവിക്കാനുള്ള പോരാട്ടത്തിന്റെ പേരിൽ സാധാരണ ജനങ്ങളെ ജയിലിൽ അടയ്ക്കാനാണ് സർക്കാർ തീരുമാനമെങ്കിൽ അതിനെ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും എന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കിയത്.

ഏതു ഹീന തന്ത്രം പയറ്റിയും സമരം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കുന്നത്. പദ്ധതിയുടെ മറവിൽ നടത്തുന്ന അധിനിവേശത്തിനെതിരായ പ്രതിഷേധം ശക്തിപ്രാപിക്കുമ്പോൾ സർക്കാരിന് വിറളി പൂണ്ടിരിക്കുകയാണെന്ന് കെ.സുധാകരൻ ആരോപിച്ചു. കല്ലിടൽ തടഞ്ഞാൽ നിയമ നടപടി സ്വീകരിക്കുമെന്നും ജയിലിലടയ്ക്കുമെന്നുമാണ് ഭീഷണി. നിയമത്തിന്റെ വാളോങ്ങി ജനകീയ പ്രതിഷേധാഗ്നി കെടുത്താം എന്ന മൂഢ സ്വർഗത്തിലാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ വ്യക്തമാക്കി.












Click it and Unblock the Notifications