ഏപ്രിലില്‍ വൈദ്യുതിനിരക്ക് വര്‍ധനയ്ക്ക് സാധ്യത; അപേക്ഷ റെഗുലേറ്ററി കമ്മീഷന് മുമ്പാകെ
2023-24 വർഷത്തേക്ക് യൂണിറ്റിന് 40 പൈസയുടെ വർധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം: ഏപ്രിൽ ഒന്നുമുതൽ വൈദ്യുതിനിരക്ക് വർധിപ്പിക്കാനുള്ള അപേക്ഷ റെഗുലേറ്ററി കമ്മിഷനുമുമ്പാകെ വൈദ്യുതിബോർഡ് സമർപ്പിച്ചു. അടുത്ത നാലുവർഷത്തേക്കുള്ള നിരക്കുകളാണ് സമർപ്പിച്ചിട്ടുള്ളത്. 2023-24 വർഷത്തേക്ക് യൂണിറ്റിന് 40 പൈസയുടെ വർധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കമ്മിഷന്റെ ഹിയറിങ്ങിനുശേഷമേ അന്തിമതീരുമാനമുണ്ടാകൂ.
ഈ സാമ്പത്തികവർഷം വൈദ്യുതിബോർഡിന് 2,939 കോടി രൂപ റവന്യൂകമ്മി ഉണ്ടാവുമെന്ന് കമ്മിഷൻ നേരത്തേ അംഗീകരിച്ചിട്ടുള്ളതിനാൽ താരിഫ് വർധനയ്ക്ക് കമ്മിഷൻ തടസ്സം നിൽക്കാൻ സാധ്യതയില്ല. മാർച്ച് 31 വരെയുള്ള നിരക്കാണ് കഴിഞ്ഞ ജൂണിൽ ഏഴുശതമാനം വർധനയോടെ നിശ്ചയിച്ചത്. അഞ്ചുവർഷത്തേക്കുള്ള നിരക്കുവർധന അന്ന് വൈദ്യുതിബോർഡ് സമർപ്പിച്ചെങ്കിലും 2022-23 വർഷത്തേക്കുള്ളത് മാത്രമാണ് അന്ന് നിശ്ചയിച്ചത്.
ചുരുങ്ങിയസമയത്തിൽ ഹിയറിങ് നടത്തി വർധനനിരക്കിൽ കമ്മിഷൻ തീരുമാനമെടുത്താൽ ഏപ്രിലിൽ നിരക്കു വർധനയുണ്ടാവും. അങ്ങനെ നടന്നില്ലെങ്കിൽ ഒന്നോ രണ്ടോ മാസം വൈകിയേക്കും.
ചൂട് കനത്തതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗവും കൂടിവരികയാണ്. വരും ദിവസങ്ങളിൽ വൈദ്യുതി ഉപഭോഗം വർധിക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. വൈദ്യുതി ഉൽപ്പാദനം വർധിച്ചതോടെ ഡാമുകളിലെ ജലനിരപ്പും കുറഞ്ഞു.
ഫാനും എസിയും തുടർച്ചയായി ഉപയോഗിക്കുന്നത് കൊണ്ട് വൈദ്യുതി ചിലവും കൂടുകയാണ്. ശനിയാഴ്ചയിലെ കണക്ക് പ്രകാരം സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉപഭോഗം 80.78 ദശ ലക്ഷം യൂണിറ്റാണ്. ചൂടു കൂടുംതോറും ബില്ല് വന്നാലും കുഴപ്പിമില്ല ഫാനും ഏസിയും ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിലാണ് ആളുകൾ. സംസ്ഥാനത്തെ ഡാമുകളിൽ 2432 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ജലമാണുള്ളത്. ആകെ സംഭരണ ശേഷിയുടെ 59 ശതമാനമാണിത്.
വൈദ്യുതി ഉൽപ്പാദനം കൂടിയതും അവശ്യത്തിന് മഴ ലഭിക്കാത്തതും ഡാമുകളിലെ ജലനിരപ്പ് കുറയാൻ കാരണം. ഇടുക്കിയിൽ 12.43 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിച്ചത്. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 21.66 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചു. മെയ് 31 വരെ ഇതേ രീതിയിൽ തുടരാനാകുമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തുന്നത്












Click it and Unblock the Notifications