കെഎസ്ആർടിസി ശമ്പളക്കരാറിൽ ഒപ്പ് വെച്ചു; ജനുവരിയിലെ ശമ്പളം മുതൽ ആനുകൂല്യങ്ങൾ
തിരുവനന്തപുരം; കെ. എസ്.ആർ. ടി. സി ജീവനക്കാരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന ശമ്പളക്കരാർ ഗതാഗത മന്ത്രി ആന്റണിരാജുവിന്റെ സാന്നിധ്യത്തിൽ സി. എം. ഡി ബിജു പ്രഭാകറും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും ഒപ്പുവച്ചു. സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള കമ്മീഷൻ സ്‌കെയിലാണ് മാസ്റ്റർ സ്‌കെയിലായി നിശ്ചയിച്ചിരിക്കുന്നത്.
പരിഷ്‌ക്കരിച്ച അടിസ്ഥാന ശമ്പളത്തിന്റെ 4 ശതമാനം എന്ന നിരക്കിൽ കുറഞ്ഞത് 1,200 രൂപയും പരമാവധി 5,000 രൂപയും പ്രതിമാസം വീട്ടുവാടക അലവൻസ് നൽകും. ഫിറ്റ്മെന്റ് സർക്കാരിൽ നിശ്ചയിച്ചതുപോലെ 10 ശതമാനമാണ്. ഡി. സി. ആർ. ജി ഏഴു ലക്ഷത്തിൽ നിന്ന് പത്തു ലക്ഷം രൂപയായി വർധിപ്പിക്കും. 2021 ജൂൺ ഒന്നു മുതൽ പുതിയ സ്‌കെയിലിന് പ്രാബല്യം കണക്കാക്കും.

വനിതാ ജീവനക്കാർക്ക് നിലവിലെ പ്രസവാവധിക്ക് (180 ദിവസം) പുറമേ ഒരു വർഷക്കാലത്തേക്ക് ശൂന്യവേതന അവധി അനുവദിക്കും. ഈ അവധി കാലയളവ് പ്രൊമോഷൻ, ഇൻക്രിമെന്റ്, പെൻഷൻ എന്നിവയ്ക്ക് പരിഗണിക്കും. ഈ അവധി വിനിയോഗിക്കുന്നവർക്ക് പ്രതിമാസം 5,000 രൂപ ചൈൽഡ് കെയർ അലവൻസ് ആയി നൽകും. എല്ലാ വിഭാഗം ജീവനക്കാർക്കും, ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായി പ്രൊമോഷൻ അനുവദിക്കും.
നാല് ദേശീയ അവധികളും, പതിനൊന്ന് സംസ്ഥാന അവധികളും ഉൾപ്പെടെ ആകെ പതിനഞ്ച് അവധികളാണുണ്ടാവുക. ഒരു ജീവനക്കാരന് നൽകാവുന്ന നിയന്ത്രിത അവധി നാലായി ഉയർത്തുകയും പ്രാദേശിക അവധി ഒന്നായി നിജപ്പെടുത്തുകയും ചെയ്യും.
എംപാനൽഡ് ജീവനക്കാരുടെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം നിർദ്ദേശിക്കുന്നതിനായി മൂന്നംഗ ഉദ്യോഗസ്ഥ കമ്മറ്റിയെ ചുമതലപ്പെടുത്തും. ധനകാര്യ വകുപ്പും, സഹകരണ വകുപ്പുമായി കൂടിയോലോചിച്ച് സമയബന്ധിതമായി പെൻഷൻകാരുടെ പെൻഷൻ പരിഷ്‌ക്കരണം ഉൾപ്പെടെയുളള വിഷയങ്ങൾ പരിശോധിച്ച് അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് കരാറിന്റെ ഭാഗമാക്കും.
ഒരു വർഷം 190 ഫിസിക്കൽ ഡ്യൂട്ടികൾ ചെയ്യാത്ത ജീവനക്കാർക്ക് അടുത്ത പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ നൽകുവാൻ കഴിയില്ല. പെൻഷൻ കണക്കാക്കുന്നതിനും ഇത് ബാധകമായിരിക്കും. .
തുടർച്ചയായി എട്ട് മണിക്കൂറിൽ കൂടുതലുളള ദീർഘദൂര സർവീസുകളിൽ ഘട്ടംഘട്ടമായി ഡ്രൈവർ - കം - കണ്ടക്ടർമാരെ നിയോഗിക്കും.
500 കിലോമീറ്ററിന് മുകളിലുളള ബാംഗ്ലൂർ സർവീസുകൾ പോലുളള അന്തർ സംസ്ഥാന സർവീസുകളിൽ യുക്തമായ ടെർമിനൽ കണക്കാക്കി ക്രൂ ചെയ്ഞ്ച് നടപ്പിലാക്കും. ഓപ്പറേറ്റിംഗ് സെന്ററുകളുടെ ചെലവുകൾ കുറയ്ക്കും. കെ.എസ്.ആർ.റ്റി.സി.യുടെ റിസർവേഷൻ കൗണ്ടറുകൾ മേജർ ഡിപ്പോകളിൽ മാത്രമായിരിക്കും.
ഒരു ജീവനക്കാരൻ / ജീവനക്കാരി കൃത്യനിർവഹണത്തിനിടയിൽ അപകടംമൂലം മരണമടഞ്ഞാൽ മരണാനന്തര ചെലവിന് നൽകുന്ന തുക നിലവിലെ 10,000 രൂപയിൽ നിന്നും 50,000 രൂപയായി വർദ്ധിപ്പിക്കും. കൃത്യനിർവഹണത്തിനിടയിൽ അല്ലാതെ സംഭവിക്കുന്ന മരണത്തിന് മരണാനന്തര ചെലവിന് നല്കുന്ന തുക 2,000 രൂപയിൽ നിന്ന് 5,000 രൂപയായി വർദ്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications