എസ്ഐയുടെ തെറിയഭിഷേകം, പിന്നാലെ സെക്യൂരിറ്റി ക്യാബിനിലാക്കി; പരാതിയുമായി കെ എസ് യു
കൊച്ചി: എം ജി സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ പൊലീസുകാരനെതിരെ കെ എസ് യു പരാതി നല്കി. ഗാന്ധി നഗര്‍ പ്രിന്‍സിപ്പല്‍ എസ് ഐ സുധി കെ സത്യപാലനെതിരെയാണ് ഡി ജിപിക്കും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്‍കിയത്. പ്രവര്‍ത്തകരുമായുള്ള വാക്ക് തര്‍ക്കത്തിനിടെ എസ് ഐ തുടര്‍ച്ചായായി അസഭ്യം പറഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്.
എം ജി സര്‍വകലാശാലയില്‍ നിന്ന് ബിരുദ, ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായ സംഭവത്തില്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് കെ എഎസ് യു നടത്തിയ മാര്‍ച്ചിലാണ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസുകാരന് അസഭ്യ വര്‍ഷം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കെ എസ് യു പ്രവർത്തകർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ മതില് ചാടി അകത്തു കടക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ ഓഫീസ് കവാടത്തില്‍ കുത്തിയിരുപ്പ് സമരം നടത്തി.തുടര്‍ന്ന് പൊലീസും, പ്രവര്‍ത്തകരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതിനിടയാണ് അസഭ്യം പറഞ്ഞത്. കെ എസ് യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കടുതുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സുബിന് മാത്യുവിനെ എസ് ഐ സുധി പിടിച്ചുനീക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് അസഭ്യവര്‍ഷം നടത്തിയത്.
മറ്റ് പ്രവര്‍ത്തകരെ ബലമായി നീക്കുമ്പോഴും എസ് ഐ അസഭ്യ വര്‍ഷം തുടര്‍ന്നു. ഇതിനിടെ ഗാന്ധി നഗര്‍ എസ് എച്ച് ഒ കെ ഷിജിയുടെ നേതൃത്വത്തില്‍ സുധിയെ സമീപത്തെ യൂണിവേഴ്സിറ്റി സെക്യൂരിറ്റി ക്യാബിനിലേക്ക് മാറ്റി. ഇതിനിടെയിലും എസ് ഐ കെ എസ് യു പ്രവര്‍ത്തകരോട് രോഷാകുലനായി പെരുമാറുന്നുണ്ടായിരുന്നു.
അതേസമയം, കെ എസ് യു പ്രവര്‍ത്തകര്‍ ആദ്യം എസ് ഐ സുധി കെ സത്യപാലന് നേരെ അസഭ്യം പറഞ്ഞെന്നാണ് പൊലീസ് പറയുന്നത്. ഇതാണ് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായതെന്നും പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി കെ കാർത്തിക് അറിയിച്ചു. ഇതിന് ശേഷമാകും തുടർനടപടികളേക്ക് കടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ രാവിലെയാണ് കെ എസ് യു മാര്‍ച്ച് നടത്തിയത്. സംഭവ സ്ഥലത്ത് മാധ്യമങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എസ് ഐ തെറിവിളിക്കുന്ന വീഡിയോ മാധ്യമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പങ്കുവച്ചിരുന്നു.












Click it and Unblock the Notifications