സിപിഎം കൈവിട്ടു, പിണറായിയും, കോടതി വിധിക്ക് കാക്കാതെ കെടി ജലീലിന്റെ പടിയിറക്കം
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും കൈവിട്ടതോടെ കെടി ജലീലിന്റെ രാജി. പിണറായി വിജയന്‍ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് കെടി ജലീല്‍ മന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. വിവാദങ്ങളുടെ തുടക്കം മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ പിന്തുണ ജലീലിന് ലഭിച്ചിരുന്നു. ജലീലിന്റെ വാദങ്ങള്‍ അതേ പടി ആവര്‍ത്തിച്ച് പലവട്ടം മുഖ്യമന്ത്രി അദ്ദേഹത്തിന് സംരക്ഷണ കവചമൊരുക്കി.
ഇപി ജയരാജന് എതിരെ ബന്ധു നിയമന ആരോപണം ഉയര്‍ന്നപ്പോള്‍ ഈ സംരക്ഷണം ലഭിച്ചിരുന്നില്ല. ജയരാജന് രാജി വെക്കേണ്ടതായി വന്നിരുന്നു. എന്നാല്‍ ജലീലിനോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടാത്തത് പാര്‍ട്ടിക്കുള്ളിലും അതൃപ്തി സൃഷ്ടിച്ചിരുന്നു. ലോകായുക്ത റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ജലീലും സിപിഎമ്മും കൂടുതല്‍ പ്രതിസന്ധിയിലായത്.

സിപിഎമ്മില്‍ നിന്ന് മന്ത്രി എകെ ബാലന്‍ ജലീലിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ബന്ധുനിയമനത്തില്‍ തെറ്റില്ലെന്നും യോഗ്യത മാത്രമാണ് നോക്കേണ്ടത് എന്നുമാണ് എകെ ബാലന്‍ പ്രതികരിച്ചത്. എന്നാല്‍ എംഎ ബേബിയെ പോലുളള നേതാക്കള്‍ ജലീലിനെ പിന്തുണച്ചതുമില്ല. ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന നിര്‍ദേശം ലോകായുക്ത മുഖ്യമന്ത്രിക്ക് കൈമാറിയതോടെയാണ് ജലീലിന്റെ രാജിയിലേക്ക് കാര്യങ്ങള്‍ വഴി മാറിയത്. ജലീൽ രാജി വെയ്ക്കണം എന്നുളളതായിരുന്നു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും നിലപാട്.
കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കെടി ജലീലിനെ എകെജി സെന്ററിന് സമീപത്തുളള തന്റെ ഫ്‌ലാറ്റ്ലേക്ക് വിളിച്ച് വരുത്തി കോടിയേരി ബാലകൃഷ്ണന്‍ ആണ് പാര്‍ട്ടി തീരുമാനം അറിയിച്ചത്. ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ ജലീല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് കൊണ്ടിരിക്കേയായിരുന്നു മറുവശത്ത് ഈ സംഭവ വികാസങ്ങളെല്ലാം നടന്നത്. ഹൈക്കോടതി കേസ് പരിഗണിക്കുന്ന കാര്യമടക്കം കൂടിക്കാഴ്ചയില്‍ ജലീല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാല്‍ രാജിയാണ് ഉചിതമായ തീരുമാനം എന്ന് കോടിയേരി ജലീലിനെ ബോധ്യപ്പെടുത്തുകയായിരുന്നു. പിന്നാലെ ജലീലിന്റെ പേഴ്‌സണല്‍ ഗണ്‍മാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.












Click it and Unblock the Notifications